സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആർടിസിയെ ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടി വരിക.
സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡിസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുക.
ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ 11.10 കോടി രൂപ കെഎസ്ആർടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിൽ 50000 ൽ കൂടുതൽ ഡീസൽ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.
കെഎസ്ആർടിസി പരിഷ്കാരം
മാറിയ സാഹചര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് ഇതുവരെ നിലപാടൊന്നും എടുത്തിട്ടില്ല. കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കോർപറേഷന് ഈ തിരിച്ചടിയേറ്റതെന്നത് ശ്രദ്ധേയമാണ്. ഇതോടെ അധികബാധ്യത തീർക്കാൻ കോർപറേഷന് മറ്റ് വഴികൾ തേടേണ്ടി വരും.
കെ സ്വിഫ്റ്റിൽ നിയമനം നടത്താൻ നേരത്തെ സർക്കാരിന് ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇത് പ്രകാരം എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റുന്നതാണ് പദ്ധതി. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിലൂടെ തരിച്ചടവ് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം കോടതി കയറിയത്. കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ലെന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിനെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയിൽ അറിയിച്ചത്.
