ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (IRDAI) രണ്ട് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നു. 'പബ്ലിക് ഇന്‍ഷുറന്‍സ് രജിസ്ട്രി' വഴി എല്ലാ പോളിസി വിവരങ്ങളും ഒരിടത്ത് ലഭ്യമാകുമ്പോള്‍, 'ബീമ സുഗം' പ്ലാറ്റ്‌ഫോം പോളിസികള്‍ താരതമ്യം ചെയ്യാനും വാങ്ങാനും സഹായിക്കും.
പല കമ്പനികളിലായി ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവര്‍ അനുഭവിക്കുന്ന പ്രധാന തലവേദനയാണ് അവയുടെ രേഖകള്‍ കൃത്യമായി ഒരിടത്ത് സൂക്ഷിക്കുക എന്നത്. പോളിസി പുതുക്കുമ്പോഴോ, ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ , ക്ലെയിം ഫയല്‍ ചെയ്യുമ്പോഴോ പഴയ രേഖകള്‍ക്കായി നെട്ടോട്ടമോടേണ്ടി വരുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. ഇന്‍ഷുറന്‍സ് വിവരങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന 'പബ്ലിക് ഇന്‍ഷുറന്‍സ് രജിസ്ട്രി' , ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്ന 'ബീമ സുഗം' എന്നീ പദ്ധതികളാണ് വരുന്നത്. കഴിഞ്ഞ മാര്‍ച്ച് 17-ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെയും വിവിധ ഏജന്‍സികളുടേയും യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
എന്താണ് പബ്ലിക് ഇന്‍ഷുറന്‍സ് രജിസ്ട്രി?
നിലവില്‍ ഓരോ ഇന്‍ഷുറന്‍സ് കമ്പനിയും തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പ്രത്യേകം സെര്‍വറുകളിലാണ് സൂക്ഷിക്കുന്നത്. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ പൂര്‍ണ്ണമായി ഒരിടത്ത് കാണാന്‍ സാധിക്കില്ല. ഒരു പോളിസി എടുക്കുന്നത് മുതല്‍, അതിന്റെ ക്ലെയിം വിവരങ്ങള്‍, പരാതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഈ ഡിജിറ്റല്‍ രജിസ്ട്രിയില്‍ ഉണ്ടാകും. ഉപഭോക്താവിന്റെ പൂര്‍ണ്ണമായ അനുവാദത്തോടെ മാത്രമേ ഈ വിവരങ്ങള്‍ ലഭ്യമാകൂ. ഏത് കമ്പനിയുടെ പോളിസി ആണെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
'സബ്കാ ബീമ സബ്കി രക്ഷ'
എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കുന്ന 'സബ്കാ ബീമ സബ്കി രക്ഷ' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍ പറഞ്ഞു. വിവരങ്ങള്‍ ചിതറിക്കിടക്കുന്നത് ക്ലെയിം പ്രോസസ്സിംഗില്‍ വലിയ താമസം വരുത്തുന്നുണ്ടെന്നും കേന്ദ്രീകൃത സംവിധാനം വരുന്നതോടെ ക്ലെയിമുകള്‍ വേഗത്തിലാകുമെന്നും ഇന്‍ഷുറന്‍സ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബീമ സുഗം; പോളിസികള്‍ വാങ്ങാനും താരതമ്യം ചെയ്യാനും
പിഐആറിനൊപ്പം തന്നെ പ്രവര്‍ത്തനസജ്ജമാകുന്ന മറ്റൊരു പ്ലാറ്റ്ഫോമാണ് 'ബീമ സുഗം'. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിവിധ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ താരതമ്യം ചെയ്യാം. പോളിസികള്‍ നേരിട്ട് വാങ്ങുകയും പോളിസികള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യുകയും ചെയ്യാം. ബീമ സുഗം ശരിയായി പ്രവര്‍ത്തിക്കുന്നതിനുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നത് പിഐആര്‍ ആയിരിക്കും. സൈബര്‍ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനും വലിയ മുന്‍ഗണന നല്‍കിയാണ് ഈ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
ഉപഭോക്താവിനുള്ള നേട്ടങ്ങള്‍
ഏകീകൃത സംവിധാനം: ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളെയും ഏജന്റുമാരെയും സമീപിക്കാതെ തന്നെ എല്ലാ പോളിസി വിവരങ്ങളും ഒരിടത്ത് കാണാം.
വേഗത്തിലുള്ള ക്ലെയിം: വിവരങ്ങള്‍ കൃത്യമായി ലഭ്യമായതിനാല്‍ ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാകും.
വ്യക്തിഗത സേവനങ്ങള്‍: ഉപഭോക്താവിന്റെ ഇന്‍ഷുറന്‍സ് ചരിത്രം പരിഗണിച്ച് അവര്‍ക്ക് അനുയോജ്യമായ പുതിയ പോളിസികള്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ സാധിക്കും.
വിശ്വസ്തത: വിവരങ്ങള്‍ സുതാര്യമാകുന്നതോടെ ഇന്‍ഷുറന്‍സ് പ്രക്രിയയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസം കൈവരും.
ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയൊരു ഡിജിറ്റല്‍ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഈ പദ്ധതികള്‍ ഈ വര്‍ഷത്തോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


