മുംബൈ: ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാനുളള താല്‍പര്യപത്രം (ഇഒഎ) സമര്‍പ്പിക്കാനുളള സമയപരിധി നീട്ടിയതടക്കമുളള നടപടികള്‍ ഊര്‍ജിതമാക്കി ബാങ്ക് കൂട്ടായ്മ. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളോടും വിദേശ കമ്പനികളോടും ജെറ്റില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂട്ടായ്മ നടത്തിവരുകയാണ്. ഇഒഎ സമര്‍പ്പിക്കാനുളള സമയപരിധി ഒന്‍പത് വരെയാണ് നീട്ടിവച്ചത്. 

നിരവിധി കമ്പനികള്‍ ജെറ്റിനെ ഏറ്റെടുക്കുന്നതിന് താല്‍പര്യമറിയിച്ച് മുന്നോട്ട് വന്നതായാണ് വിവരം. ടിപിജി, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) എന്നിവര്‍ താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ സംയുക്ത നീക്കം നടത്തുന്നതായാണ് വിവരം. ഇതിനിടെ ടാറ്റാ ഗ്രൂപ്പ്, ഖത്തര്‍ എയര്‍വേസ്, സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതതയിലുളള ധനകാര്യ സ്ഥാപനമായ ടെമാസെക് എന്നിവയും ഇഒഎ സമര്‍പ്പിക്കാനുളള ആലോചനകള്‍ നടത്തിവരുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

കമ്പനിയില്‍ ഓഹരി ഉടമകളായ ഇത്തിഹാദ് എയര്‍വേസുമായി ജെറ്റിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന എസ്ബിഐ ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ജെറ്റിന്‍റെ 119 വിമാനങ്ങളില്‍ നിലവില്‍ 26 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിവരുന്നത്. ജെറ്റിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയിട്ടുളള കമ്പനികള്‍ അവ തിരിച്ചുപിടിക്കാനുളള നീക്കവും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്‍റെ വിവിധ സ്ലോട്ടുകള്‍ മറ്റ് വിമാനക്കമ്പനികള്‍ താല്‍ക്കാലിക സര്‍വീസ് തുടങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി. 

പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ജെറ്റിനുളള ഇന്ധന വിതരണം നിര്‍ത്തിവച്ചത് വലിയ ആശങ്കയുണര്‍ത്തിയെങ്കിലും പിന്നീട് പുനരാരംഭിച്ചതോടെ പ്രതിസന്ധി അകന്നു.