Asianet News MalayalamAsianet News Malayalam

കെനിയൻ ആകാശം കീഴടക്കാനുള്ള  അദാനിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; വിമാനത്താവളം ഏറ്റെടുക്കാൻ കഴിയില്ല, കാരണം ഇതാണ്

ജോമോ കെനിയാത്ത എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കെനിയയില്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി സ്ഥാപിച്ചാണ് അദാനി ഗ്രൂപ്പ് ആഫ്രിക്കയിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമം നടത്തിയത്.

Kenyan court halts Adani Groups takeover of Nairobi international airport
Author
First Published Sep 10, 2024, 12:59 PM IST | Last Updated Sep 10, 2024, 12:59 PM IST

കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ജെകെഐഎ) പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം കെനിയയിലെ  ഹൈക്കോടതി റദ്ദാക്കി. കെനിയ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പുവച്ച 15,500 കോടി രൂപയുടെ കരാറാണ് കോടതി തടഞ്ഞത്. കെനിയയിലെ മനുഷ്യാവകാശ കമ്മീഷനും അഭിഭാഷകരുടെ സംഘടനയും ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രപരവും ലാഭകരവുമായ  വിമാനത്താവളം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത് തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സദ്ഭരണം, ഉത്തരവാദിത്തം, സുതാര്യത, പൊതുപണം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കുക തുടങ്ങിയ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണിത് എന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ജോമോ കെനിയാത്ത എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കെനിയയില്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി സ്ഥാപിച്ചാണ് അദാനി ഗ്രൂപ്പ് ആഫ്രിക്കയിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമം നടത്തിയത്. തൊഴില്‍ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും പദ്ധതിയെ എതിര്‍ത്തിരുന്നു.

വിമാനത്താവളം വില്‍ക്കുന്നില്ലെന്നും ഹബ് നവീകരിക്കുന്നതിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെനിയ സര്‍ക്കാര്‍ വ്യക്തമാക്കി. വിമാനത്താവളം അതിന്‍റെ ശേഷിക്കപ്പുറം ആണ് പ്രവര്‍ത്തിക്കുന്നതെന്നും അടിയന്തരമായി മെച്ചപ്പെടുത്തലുകള്‍ ആവശ്യമാണെന്നും വാദിച്ച് സര്‍ക്കാര്‍ കരാറിനെ ന്യായീകരിച്ചു. വൈദ്യുതി മുടക്കവും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതും വിമാനത്താവളത്തില്‍ സ്ഥിരം സംഭവമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മെച്ചപ്പെടുത്തലുകള്‍ അടിയന്തര ആവശ്യമാണെന്നും നിലവിലെ സാമ്പത്തിക പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍ സ്വകാര്യ നിക്ഷേപം മാത്രമാണ് പ്രായോഗികമായ പോംവഴിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Latest Videos
Follow Us:
Download App:
  • android
  • ios