കേവലമൊരു ക്ഷേമ പദ്ധതി എന്നതിലുപരി വയോജനങ്ങളുടെ അവകാശങ്ങള്‍ക്കും, 'സില്‍വര്‍ ഇക്കണോമി' എന്ന ആശയത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ച് കേരളം ചരിത്രം കുറിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി 46,236.52 കോടി രൂപയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വകയിരുത്തിയത്. സംസ്ഥാനത്തിന്റെ ആകെ ബജറ്റ് വിഹിതത്തിന്റെ 19 ശതമാനത്തോളം വരുമിത്.

കേവലമൊരു ക്ഷേമ പദ്ധതി എന്നതിലുപരി വയോജനങ്ങളുടെ അവകാശങ്ങള്‍ക്കും, 'സില്‍വര്‍ ഇക്കണോമി' എന്ന ആശയത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 22.8 ശതമാനവും മുതിര്‍ന്ന പൗരന്മാരായിരിക്കും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടാണ് ഈ നീക്കം. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരിക്കും എന്നതും ശ്രദ്ധേയമാണ്.

പെന്‍ഷന്‍ 2000 രൂപയിലേക്ക്

സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് പെന്‍ഷന്‍ വര്‍ദ്ധനവ്. എല്ലാവര്‍ക്കും ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം 2,000 രൂപയായി ഉയര്‍ത്തി. സംസ്ഥാനത്തെ 75 ശതമാനത്തിലധികം വയോജനങ്ങളും പെന്‍ഷന്‍ പരിധിയില്‍ വരുന്നുണ്ട്. ഇതിനായി 44,894.80 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കിടപ്പിലായ വയോജനങ്ങളെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്കുള്ള 'ആശ്വാസകിരണം' പദ്ധതി വഴി ലഭിക്കുന്ന ധനസഹായം മാസം 1000 രൂപയായി നിജപ്പെടുത്തി. തൊഴില്‍ ഉപേക്ഷിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും പരിചരിക്കുന്നവര്‍ക്ക് ഇതൊരു വലിയ കൈത്താങ്ങാകും.

ആരോഗ്യത്തിന് 'സായംപ്രഭ'

സൗജന്യ വാക്‌സിന്‍: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, മറ്റ് അസുഖങ്ങളുള്ള വയോജനങ്ങള്‍ക്കായി ന്യുമോണിയ വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കും (50 കോടി രൂപ).

ആശുപത്രികള്‍ ഹൈടെക്കാകും: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക കട്ടിലുകള്‍, റാമ്പുകള്‍, ആധുനിക ടോയ്ലറ്റുകള്‍ എന്നിവ സജ്ജീകരിക്കും.

സായംപ്രഭ പദ്ധതി: അടിയന്തര വൈദ്യസഹായം, 'മന്ദഹാസം' പദ്ധതി വഴി സൗജന്യ കൃത്രിമപ്പല്ലുകള്‍, 'വയോമധുരം' വഴി സൗജന്യ ഗ്ലൂക്കോമീറ്ററുകള്‍ എന്നിവയ്ക്കായി 14 കോടി രൂപ വകയിരുത്തി.

വയോജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി കോഴിക്കോട് ഇംഹാന്‍സില്‍ (പത്യേക സെന്റര്‍ ആരംഭിക്കും.

വിശ്രമജീവിതമല്ല, സജീവ ജീവിതം

മുതിര്‍ന്ന പൗരന്മാരെ വെറുതെ വീട്ടിലിരുത്താതെ അവരെ കൂടി സാമ്പത്തികരംഗത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നവജീവന്‍: 50 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പയും 50% സബ്സിഡിയും.

ന്യൂ ഇന്നിംഗ്‌സ്: വിരമിച്ച ഉദ്യോഗസ്ഥരുടെ അറിവും പരിചയസമ്പത്തും ഉപയോഗപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 4 കോടി രൂപയുടെ പദ്ധതി.

ഇന്ത്യയില്‍ തന്നെ ആദ്യമായി വയോജന കമ്മീഷന്‍ എന്ന നിയമപരമായ സമിതി രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാര്‍ക്കായി 'അഭയ കേന്ദ്രങ്ങള്‍' (ആര്‍ട്ട് വില്ലേജുകള്‍), നിയന്ത്രിത ഫീസ് ഈടാക്കുന്ന റിട്ടയര്‍മെന്റ് ഹോമുകള്‍ എന്നിവയും ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളാണ്.