വൻ കിടക്കാർ നൽകുന്ന ഓഫർ പരസ്യങ്ങളെല്ലാം തട്ടിപ്പാണ്. സത്യത്തിന്റെ അംശം പോലും ഇത്തരം പരസ്യങ്ങളിൽ കാണില്ല. കഴിഞ്ഞ ദിവസം ഒരു വൻകിട ജ്വല്ലറി പഴയ സ്വർണത്തിന് ഒരു 100 രൂപ കൂടുതൽ നൽകുമെന്നും  പണിക്കൂലി ഇല്ലാതെ സ്വർണം നൽകുമെന്നും  പരസ്യം ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്ക് കാരണം

തിരുവനവന്തപുരം:  സംസ്ഥാനത്ത് ഇന്ന് രാവിലത്തെ സ്വർണ വില (Gold Price Today) ഉച്ചയായപ്പോഴേക്ക് വീണ്ടും കുറഞ്ഞുവെന്നും കേരളത്തിലെ ജ്വല്ലറികൾ തമ്മിൽ തർക്കമുണ്ടെന്നുമുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയോട് പ്രതികരിച്ച് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA). അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര സ്വർണ വില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. യഥാർത്ഥ വിലയിൽ നിന്ന് രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ലാഭം കുറച്ചാണ് ഇന്ന് വില നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെയാണ് ഗ്രാമിന് 4620 രൂപ എന്നുള്ള വില കേരളത്തിലെ അസോസിയേഷൻ പ്രഖ്യാപിച്ചത്.

വില നിർണയ രീതി 

ഇന്ന് കേരളത്തിലെ ബാങ്കുകൾ 24 കാരറ്റ് സ്വർണം വ്യാപാരികൾക്ക് നൽകുന്ന വില ഗ്രാമിന് 4940 + 3 ശതമാനം ജിഎസ്ടി എന്ന നിലവാരത്തിലാണ്. അതനുസരിച്ച് ഇന്ന് വിലയിട്ടാൽ 22 കാരറ്റ് സ്വർണത്തിന് 4567 രൂപ ഗ്രാമിന് വില വരും. ഒന്നര ശതമാനത്തിൽ താഴെ ലാഭമിട്ടാണ് ഇന്ന് 4620 രൂപ എന്ന വില നിശ്ചയിച്ചത്. ഇതുപോലെ തന്നെയാണ് എല്ലാ ദിവസവും വില നിശ്ചയിക്കുന്നതെന്ന് അസോസിയേഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം വരെ ഒന്നര ശതമാനം ലാഭം പോരാ, നാല് ശതമാനം ലാഭം വേണമെന്ന് ആവശ്യപ്പെട്ട വൻ കിടക്കാരിൽ ചിലരാണ് ഇന്ന് ഗ്രാമിന് 4550 രൂപ എന്ന വില നിർണയിച്ച് വിപണിയെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ സ്വർണ വ്യാപാരികൾക്കെല്ലാം ബാങ്ക് റേറ്റിൽ 24 കാരറ്റ് സ്വർണം 4940 + ജിഎസ്ടിക്ക് ലഭിക്കുമ്പോൾ ഇത്തരക്കാർക്ക് 24 കാരറ്റ് സ്വർണം എവിടെ നിന്ന് ലഭിക്കുന്നു എന്ന് അറിയാനുള്ള അവകാശം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ട്. വൻ കിടക്കാർ നൽകുന്ന ഓഫർ പരസ്യങ്ങളെല്ലാം തട്ടിപ്പാണ്. സത്യത്തിന്റെ അംശം പോലും ഇത്തരം പരസ്യങ്ങളിൽ കാണില്ല. കഴിഞ്ഞ ദിവസം ഒരു വൻകിട ജ്വല്ലറി പഴയ സ്വർണത്തിന് ഒരു 100 രൂപ കൂടുതൽ നൽകുമെന്നും പണിക്കൂലി ഇല്ലാതെ സ്വർണം നൽകുമെന്നും പരസ്യം ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്ക് കാരണം.

ജനങ്ങളെ കെണിവെച്ച് കടയിലേക്ക് കയറ്റുകയും അവർ ഉദ്ദേശിക്കുന്ന വിലയിലും പണിക്കൂലിയിലും സ്വർണം നൽകുകയുമാണ് ഇത്തരക്കാർ പരസ്യത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. അസോസിയേഷൻ നിശ്ചയിച്ച വിലയേക്കാൾ 70 രൂപ കുറച്ചു കൊടുക്കുന്നവർ പണിക്കൂലി ഇനത്തിൽ സാധാരണ ജ്വല്ലറികളിൽ നൽകുന്നതിനേക്കാൾ കൂടുതൽ വാങ്ങിച്ച് അത് കോമ്പൻസേറ്റ് ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്നും അസോസിയേഷൻ വെളിപ്പെ‌ടുത്തി.

കൂടുതൽ വായിക്കാം : കേരളത്തിൽ ജ്വല്ലറി തർക്കം: സ്വർണവില കുറച്ച് പോര്