സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1040 രൂപ കുറഞ്ഞ് 1,11,280 രൂപയായി. മാറുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും ഓഹരി വിപണിയിലെ പ്രതീക്ഷകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാം വില 13,910 രൂപയാണ്. ഗ്രാമിന് 130 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,11,280 രൂപയാണ് വില. പവന് 1040 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം സ്വർണവില കുതിച്ചുകയറിയിരുന്നു. വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. എന്നാൽ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാൽ ഇന്നലത്തെ പോലെ ഇന്നും ബൈ ദ ഡിപ് ട്രൻ്റ് (കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള നിക്ഷേപകരുടെ തിരക്ക്) തുടരാനുള്ള സാധ്യത കുറവാണ്.

ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാറിൽ ചർച്ചയിലേക്ക് പോകുമെന്നത് ഓഹരി വിപണിയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര തർക്കത്തിൽ ഇന്നലെ രാത്രി ഉണ്ടായ സമവായവും നിക്ഷേപകരെ ഓഹരികളിലേക്ക് തിരിച്ചയക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്ന് ഓഹരി വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.