Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്ന് 'തൊലികളഞ്ഞ ചക്ക' കടൽ കടക്കുന്നു; പ്രവാസി മലയാളികൾക്കും ഇനി ആവോളം ചക്ക തിന്നാം

കേരളത്തിലെ ചക്കയുടെ പ്രചാരം കണക്കിലെടുത്താണ് വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചത്

kerala jackfruit exports to gulf countries
Author
Kochi, First Published Apr 29, 2022, 6:44 PM IST

ഇടുക്കി: ഇനി ബ്രിട്ടനിലുള്ള മലയാളികൾക്ക് നാട്ടിലെ ചക്ക തിന്നാം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്നാണ് ഇടുക്കിയിൽ നിന്ന് "തൊലികളഞ്ഞ ചക്ക" യുകെയിലേക്ക് കയറ്റി അയക്കുന്നത്. ഇതിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വെർച്വലായി നടന്നു. എപിഇഡിഎ ജനറൽ മാനേജർമാരായ എസ് എസ് നയ്യാർ, യു കെ വാട്‌സ്, എപിഇഡിഎ സെക്രട്ടറി ഡോ സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ആരതി എൽആർ, ഐഇഎസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.

കേരളത്തിലെ ചക്കയുടെ പ്രചാരം കണക്കിലെടുത്താണ് വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചത്. തൊലികളഞ്ഞ ചക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും എപിഇഡിഎ സൗകര്യമൊരുക്കുന്നുണ്ട്.

വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെയാണ് ചക്കയുടെ തൊലി കളയുന്നത്. ഇത് ഓരോ രാജ്യത്തെയും ഇറക്കുമതി മാനദണ്ഡങ്ങൾക്ക് വിധേയമായി പരിശോധിച്ച് പാക്ക് ചെയ്യുകയാണ്. രണ്ട് ഘട്ടങ്ങളിലായുള്ള പാക്കിങിന് ശേഷമാണ് ഇവ കയറ്റി അയക്കുന്നത്. പാക്ക് ചെയ്ത തീയതി മുതൽ 12-14 ദിവസം വരെയാണ് ഉൽപ്പത്തിന്റെ ഷെൽഫ് ലൈഫ്.

സസ്യാഹാരികൾക്കിടയിൽ മാംസത്തിന് പകരമുള്ള ജനപ്രിയ ഇനമായും ഇത് പരിഗണിക്കപ്പെടുന്നുണ്ട്. ആകർഷകമായ ഉഷ്ണമേഖലാ പഴം എന്നതിന് പുറമെ കേരളത്തിലെ ഔദ്യോഗിക സംസ്ഥാന ഫലമാണ് ചക്ക. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ചക്ക.

Follow Us:
Download App:
  • android
  • ios