ധനമന്ത്രി നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിനിടെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. അതിവേഗ റെയിൽപാത, പുതിയ ജലപാത പദ്ധതികളിൽ കേരളത്തെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. കേരളം... കേരളം… എന്ന് വിളിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്. അതിവേഗ റെയിൽപാത പദ്ധതിയിൽ സംസ്ഥാനത്തെ പരിഗണിക്കാത്തതും 12പുതിയ ജലപാതകളിൽ കേരളത്തെ ഉൾപ്പെടുത്താതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആകെ ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗം തുടരുകയാണ്.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. മുംബൈ - പുണെ, പുണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു,, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെം​ഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലി​ഗുരി അതിവേഗ റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലോ, കേരളത്തിനെ ബന്ധിപ്പിച്ചോ ഈ ഗണത്തിൽ പദ്ധതിയില്ല.