തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഈ മാസം കേരളം വീണ്ടും കടമെടുക്കും. കേന്ദ്രത്തിൽ നിന്നു അനുവദിച്ച 1276 കോടിയുടെ റവന്യു കമ്മി വിഹിതമാണ് താത്കാലിക ആശ്വാസം. എന്നാൽ ഈ തുക കേന്ദ്രത്തിന്റെ പ്രത്യേക കൊവിഡ് സഹായമല്ല.

ഉളളത് അരിച്ച് പെറുക്കിയും കടം വാങ്ങിയുമാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നൽകിയത്. ഈ മാസം മറ്റ് ചെലവുകൾക്കായി ഇനിയും വേണം കുറഞ്ഞത് രണ്ടായിരം കോടി. വൈകിയെങ്കിലും ഒടുവിൽ കേന്ദ്രത്തിൽ നിന്നും എത്തിയ 1276 കോടിയിൽ കൂട്ടിയാൽ കൂടുന്നതല്ല ചെലവുകൾ. റവന്യു വരുമാനത്തിലെ കുറവ് പരിഹരിക്കാൻ എല്ലാ മാസവും സാധാരണ നിലയിൽ കിട്ടുന്ന ഗ്രാൻ്റാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കൊവിഡുമായി യാതൊരു ബന്ധവുമില്ല.കേന്ദ്രത്തിൻ്റെ പ്രത്യേക പാക്കേജ് വൈകുന്നതോടെ കടം വാങ്ങി ചെലവു നടത്തുക മാത്രമാണ് വഴി.

കൊവിഡ് കാലത്ത് ഇതുവരെ 7000 കോടിയാണ് കേരളം വായ്പയെടുത്തത്. കേന്ദ്രം നൽകേണ്ട മൂവായിരത്തോളം കോടിയുടെ ജി എസ് ടി നഷ്ടപരിഹാരത്തിൽ അനക്കമില്ല.സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ 170 കോടി മാത്രമാണ് പ്രതിസന്ധി കാലത്ത് കേന്ദ്രത്തിൻ്റെ പ്രത്യേക സഹായം. കൊവിഡിന് മുമ്പേ പ്രതിസന്ധിയിലായ സംസ്ഥാന ധനകാര്യം ലോക് ഡൗൺ ആഘാതം കൂടിയായപ്പോൾ കടം കയറി മുങ്ങുകയാണ്.

അതിനിടെ,  ലോക്ഡൌണ് കാലത്ത് സർക്കാരിൻറെ ഒരു സാമ്പത്തിക സഹായവും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്കുള്ള സഹായം സർക്കാർ ഈ ആഴ്ച നൽകും.പതിനാല് ലക്ഷത്തോളം പേർക്ക് ആയിരം രൂപ വീതമാണ് നൽകുന്നത്.തൊഴിൽ മുടങ്ങിയ വിഭാഗങ്ങൾക്കുള്ള രണ്ടാംഘട്ട സഹായവും പരിഗണനയിലാണ്. 

ക്ഷേമ പെൻഷൻ, ക്ഷേമ നിധി സഹായം എന്നീ പട്ടികയിലും ഉൾപ്പെടാതെ പോയവരിലേക്കാണ് ഈയാഴ്ച സർക്കാർ സഹായമെത്തുന്നത്. റേഷൻകാർഡും ആധാർ നമ്പറും പരിശോധിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്. ക്ഷേമ നിധി സഹായം ഇനിയും കിട്ടാത്ത എപിഎൽ വിഭാഗത്തിലുള്ളവരെ പരിഗണിച്ചിട്ടില്ല. ഇതു വരെ ഒരു സഹായവും കിട്ടാത്ത ബി പി എൽ കാർഡിൽ ഉൾപ്പെട്ട പതിനാല് ലക്ഷത്തോളം പേർക്ക് ഈ ആഴ്ച തന്നെ സഹായം നൽകും. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ വായ്പയെടുത്ത തുകയിൽ നിന്നാണ് സർക്കാർ 140കോടി രൂപ നീക്കിവെയ്ക്കുന്നത്

നിർമ്മാണ മേഖലയും,കൃഷിയും,ചെറുകിട സംരംഭങ്ങളും സജീവമാകുന്നതാണ് സർക്കാരിന് ആശ്വാസം. അപ്പോഴും തൊഴിൽ നഷ്ടപ്പെട്ട് ലക്ഷങ്ങൾ ഇപ്പോഴും ലോക്ഡൌണിലാണ്. ഇവർക്കായി രണ്ടം ഘട്ട സഹായവും സർക്കാർ പരിഗണനയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് മുന്നിലെ വെല്ലുവിളി.ആസൂത്രണ ബോർഡ് കണക്ക് പ്രകാരം ഒരുകോടി പതിനായിരം തൊഴിലാളികൾക്കാണ് ആയിരം രൂപ വീതം നൽകിയത്. ഇതിൽ പന്ത്രണ്ട് ലക്ഷം ഒരു ക്ഷേമ നിധിയിലും രജിസ്റ്റർ ചെയ്യാത്തവരാണ്.976കോടിയാണ് ലോക്ഡൌണ് നാളുകളിൽ ഇവർക്കായി വിതരണം ചെയ്തത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ ക്ഷേമ നിധിയിൽ ഉൾപ്പെട്ടവർക്കും ആയിരം രൂപ നൽകും.

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ  ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്കാണ് 1000 രൂപ വീതം ലഭിക്കുക. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. അർഹരുടെ വീടുകളിൽ  സഹകരണ ബാങ്കുകളാണ് തുക എത്തിക്കുന്നത്. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നൽകിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തുമ്പോൾ ഒപ്പിട്ട് ഏൽപ്പിക്കേണ്ടതാണ്.