Asianet News MalayalamAsianet News Malayalam

കേന്ദ്രസഹായം കുത്തനെ കുറയും; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകുമെന്ന് ധനമന്ത്രി

വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. എന്നാല്‍ അടുത്ത ജൂലൈ മുതല്‍ ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു.
 

kerala to faces major financial crisis: Minister KN Balagopal
Author
Thiruvananthapuram, First Published Sep 8, 2021, 7:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്ര വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്ഡൗണ്‍ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി.

വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. എന്നാല്‍ അടുത്ത ജൂലൈ മുതല്‍ ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയായി.

വാറ്റില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താനായിരുന്നു ജിഎസ്ടി വിഹിതം. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് ഈയിനത്തില്‍ മാത്രം 13,000 കോടി നഷ്ടമാകും. റവന്യു കമ്മി ഗ്രാന്റ് ഈ വര്‍ഷം കിട്ടിയത് 19000 കോടിയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമാകുമ്പോള്‍ ഇത് 15000 കോടി മാത്രമാകും. 2023-24സാമ്പത്തിക വര്‍ഷം നാലായിരം കോടിയും.

ശമ്പളം, പെന്‍ഷന്‍ വര്‍ധനവില്‍ മാത്രം ഒരു വര്‍ഷം കേരളത്തിന് അധിക ബാധ്യത 14,000 കോടിയാണ്. വരുമാനത്തില്‍ 20000കോടി വായ്പാ തിരിച്ചടവിനും മാറ്റി വയ്ക്കണം. കൊവിഡ് കാലത്തെ വരുമാന നഷ്ടം രൂക്ഷമാകുമ്പോള്‍ കേന്ദ്ര വിഹിതത്തിലെ കുറവ് കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വര്‍ധിപ്പിച്ചതാണ് സര്‍ക്കാരിന് ആശ്വാസം. കേന്ദ്ര വിഹിതം കുറയുമ്പോള്‍ ഇപ്പോഴത്തെ അഞ്ച് ശതമാനം എന്ന വായ്പാ പരിധി കുറച്ചാല്‍ കടമെടുപ്പും കഷ്ടത്തിലാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios