ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ അഞ്ച് ശതമാനം ഓഹരി വിൽക്കാനുള്ള ഐപിഒ മാർച്ച് 11 ന് നടക്കുമെന്ന് വിവരം. കേന്ദ്രസർക്കാരിന്റെ ഡിസ്ഇൻവെസ്റ്റ്മെന്റ് തീരുമാനത്തിന്റെ ഭാഗമായാണ് ഇത്

കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (Life Insurance Corp) അഞ്ച് ശതമാനം ഓഹരി വിൽക്കാനുള്ള ഐപിഒ (IPO) മാർച്ച് 11 ന് നടക്കുമെന്ന് വിവരം. കേന്ദ്രസർക്കാരിന്റെ ഡിസ്ഇൻവെസ്റ്റ്മെന്റ് തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവത്കരണമായിരിക്കും ഇതിലൂടെ നടക്കുക.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമന്മാരിൽ ഒന്നാണ് നിലവില്‍ എല്‍ഐസി. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന് സ്വന്തമാണ്. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളിൽ പത്ത് ശതമാനം വരെ എൽഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും. 

ഇന്‍ഷൂറന്‍സ് രംഗത്ത് 60 വർഷത്തെ അനുഭവ സമ്പത്തുള്ള ഭീമൻ കമ്പനിയാണ് എല്‍ഐസി. രണ്ടായിരത്തിലധികം ശാഖകളും ഒരു ലക്ഷത്തിലധികം ജീവനക്കാരുമുള്ള സ്ഥാപനമാണിത്. ഏകദേശം 286 ദശലക്ഷം പോളിസികളും എൽഐസിക്കുണ്ട്. ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് എൽഐസിക്കുള്ളത്.

സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ 39.49 ട്രില്യണ്‍ രൂപ നിക്ഷേപമുണ്ട്. അതില്‍ 9.78 ട്രില്യണ്‍ ഇക്വിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും നിഫ്റ്റി 200, ബിഎസ്ഇ 200 സൂചികകളിലെ കമ്പനികളാണ്. 10 രൂപ അടിസ്ഥാന വിലയുള്ള 316, 249, 885 ഇക്വിറ്റി ഓഹരികള്‍ പബ്ലിക് ഇഷ്യു വഴി വില്‍ക്കാന്‍ സര്‍ക്കാര്‍ നോക്കുകയാണെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പറയുന്നു.

എല്‍ ഐ സിയുടെ ഓഹരി വിറ്റഴിക്കാന്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഈ മാസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലും എല്‍ഐസി വിൽപന ഉള്‍പ്പെട്ടിരുന്നു. കെ-ഫിന്‍ ടെക്‌നോളജീസിനാണ് ഓഹരിവില്പനയുടെ ചുമതല നൽകിയിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും എൽഐസി ലിസ്റ്റ് ചെയ്യും. സാധാരണ രീതിയില്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

ആങ്കർ ഇൻവെസ്റ്റർമാർക്കുള്ള ഓഫറാണ് മാർച്ച് 11 ന് നടക്കുക. മറ്റ് നിക്ഷേപകർക്ക് മാർച്ച് 13 മുതൽ ഓഫർ സമർപ്പിക്കാനാവും. എന്നാൽ ഐപിഒ തീയതിയുമായി ബന്ധപ്പെട്ട വാർത്തകളോട് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രസർക്കാരും ഇതുവരെ തീയതി വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

ഏഴ് മിനിറ്റ് നേരം ആഗോള അതിസമ്പന്നരിൽ ഒന്നാമനായി യൂട്യൂബർ! അമ്പരന്ന് ലോകം

ടെസ്ലയുടെ നെടുംതൂണായ ഇലോൺ മസ്കിനെ (Elon Musk) മറികടന്ന് താൻ ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമനായെന്ന് യൂട്യൂബറുടെ (YouTuber) വെളിപ്പെടുത്തൽ. ഏഴ് മിനിറ്റ് നേരമാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നതെന്നും മാക്സ് ഫോഷ് ( Max Fosh) അവകാശപ്പെട്ടു. എന്നാൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ തന്റെ കമ്പനി അടച്ചുപൂട്ടേണ്ടി വന്നുവെന്നും താനെങ്ങനെയാണ് അതിസമ്പന്നനായതെന്നും വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടു.

മാക്സ് ഫോഷ് കമ്പനി ആരംഭിച്ചത് ഇങ്ങനെയുകെയിൽ ഒരു കമ്പനി വളരെ എളുപ്പത്തിൽ ആരംഭിക്കാനാവും. ഇതിനായി ഒരു ഫോം ഫിൽ ചെയ്യാനുണ്ട്. ഇതിൽ കമ്പനിയുടെ പേരും രേഖപ്പെടുത്തണം. ഈ സ്ഥാനത്ത് അദ്ദേഹം രേഖപ്പെടുത്തിയത് അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്നാണ്. മാകറോണി, നൂഡിൽ, കസ്കസ് തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണിതെന്നാണ് രേഖപ്പെടുത്തിയത്.പത്ത് ബില്യൺ ഓഹരികളാണ് ഇദ്ദേഹം കമ്പനിയുടെ പേരിൽ രേഖപ്പെടുത്തിയത്. ഓഹരി ഒന്നിന് 50 പൗണ്ട് എന്ന് വിലയും ഇട്ടു. 

ഇതോടെ കമ്പനിയുടെ മൂല്യം 500 ബില്യൺ പൗണ്ടായെന്നും അദ്ദേഹം പറയുന്നു. ഇതോടെയാണ് താൻ ലോകത്തിലെ ഏറ്റവും അതിസമ്പന്നനായതെന്നാണ് മാക്സ് ഫോഷ് അവകാശപ്പെട്ടത്.എന്നാൽ കമ്പനിക്ക് നിക്ഷേപകരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഇതിനായി ഇയാൾ രണ്ട് കസേരയും ഒരു മേശയും വെച്ച് ലണ്ടനിലെ തെരുവിൽ കച്ചവടം തുടങ്ങി. ഒരു സ്ത്രീയാണ് ആദ്യം 50 പൗണ്ടിന്റെ ഓഹരി വാങ്ങിയത്. 

എന്നാൽ മാക്സ് ഫോഷിന് താൻ അകപ്പെട്ടിരിക്കുന്ന വലിയ കുരുക്കിനെ കുറിച്ച് അധികം വൈകാതെ മനസിലായി.യുകെയിലെ വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നായിരുന്നു ഇടപെടൽ. അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യൺ പൗണ്ടാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും എന്നാൽ വരുമാനത്തിനായുള്ള പ്രവർത്തനമൊന്നും കമ്പനി നടത്താത്തതിനാൽ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നതായും അധികൃതർ മാക്സ് ഫോഷിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.

അതിനാൽ എത്രയും വേഗം കമ്പനി പിരിച്ചുവിടണമെന്നും അവർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ നിർദ്ദേശം ഇയാൾ അക്ഷരം പ്രതി പാലിച്ചു. അങ്ങിനെ ഏഴ് മിനിറ്റ് നേരം താൻ ലോകത്തിലെ ഏറ്റവും ധനികനായെന്ന് അവകാശപ്പെട്ട് മാക്സ് ഫോഷ് യൂട്യൂബിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.മാക്സ് ഫോഷ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഏഴ് ലക്ഷത്തിലേറെ പേർ കണ്ടിട്ടുണ്ട്. നിരവധി പേരാണ് ഈ വിഡിയോയിൽ മാക്സ് ഫോഷിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ടിരിക്കുന്നത്. ഇതിനെ വെറും തമാശയായി കണ്ടവരും ഏറെയുണ്ട്.