ബാങ്കുകളിലും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലും ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും ആകര്‍ഷകമായ വായ്പാ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഈ വര്‍ഷം റിപ്പോ നിരക്കില്‍ 100 ബേസിസ് പോയിന്റ് കുറവ് വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളിലും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലും ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് ആരംഭിച്ച റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകന യോഗത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വായ്പയെടുക്കുന്നവര്‍. ഈ സാമ്പത്തിക വര്‍ഷത്തെ പണനയ കമ്മിറ്റി യോഗത്തിന്റെ തീരുമാനം ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഉത്സവ സീസണ്‍ പ്രമാണിച്ച് ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും ആകര്‍ഷകമായ വായ്പാ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്ക്, പ്രോസസ്സിങ് ഫീസ് ഒഴിവാക്കല്‍, തിരിച്ചടവില്‍ കൂടുതല്‍ ഇളവുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കാര്‍, വ്യക്തിഗത വായ്പകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്ക്ബസാര്‍.കോം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഭവന വായ്പകള്‍ക്ക് 7.35 ശതമാനം മുതലും കാര്‍ വായ്പകള്‍ക്ക് 7.7 ശതമാനം മുതലുമാണ് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ്രവായ്പാ ഓഫറുകള്‍ താഴെ നല്‍കുന്നു.
ഭവന വായ്പാ ഓഫറുകള്‍
- ബാങ്ക് ഓഫ് മഹാരാഷ്ട്ര: 7.35 ശതമാനം പലിശ നിരക്ക്, പ്രോസസ്സിങ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി.
- ആക്‌സിസ് ബാങ്ക്: 7.40 ശതമാനം മുതലാണ് വായ്പാ പലിശ.
- എച്ച്ഡിഎഫ്സി ബാങ്ക്: 7.40 ശതമാനം മുതല്‍ ഭവന വായ്പകള്‍ നല്‍കുന്നു.
- ബാങ്ക് ഓഫ് ബറോഡ: 7.45 ശതമാനം പലിശ നിരക്കില്‍ വായ്പകള്‍, കുറഞ്ഞ പ്രോസസ്സിങ് ഫീസും സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലഭിക്കും.
- ബജാജ് ഫിന്‍സെര്‍വ്: 7.45 ശതമാനം മുതല്‍ പലിശ നിരക്ക്. 32 വര്‍ഷം വരെ തിരിച്ചടവ് കാലാവധി.
- എല്‍ഐസി ഹൗസിങ് ഫിനാന്‍സ്: 7.50 ശതമാനം മുതല്‍ പലിശ, പ്രോസസ്സിങ് ഫീസ് ഇല്ല.
- ഐസിഐസിഐ ബാങ്ക്: ശമ്പളക്കാരായ ഉപഭോക്താക്കള്‍ക്ക് 5,000 രൂപയും നികുതിയും നിശ്ചിത പ്രോസസ്സിങ് ഫീസായി ഈടാക്കുന്നു.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 30 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഭവന വായ്പകള്‍ ആകര്‍ഷകമായ നിരക്കുകളില്‍.
കാര്‍ വായ്പാ ഓഫറുകള്‍
- ബാങ്ക് ഓഫ് മഹാരാഷ്ട്ര: 7.70 ശതമാനം മുതല്‍ കാര്‍ വായ്പകള്‍ ലഭ്യമാണ്.
- ബാങ്ക് ഓഫ് ബറോഡ: 8.15 ശതമാനം മുതല്‍ പലിശ. ഓണ്‍-റോഡ് വിലയുടെ 90% വരെ ധനസഹായം, സ്ഥിര-ഫ്‌ലോട്ടിങ് നിരക്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. ഫ്‌ലോട്ടിങ് നിരക്കില്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ ഇല്ല.
- എച്ച്ഡിഎഫ്സി ബാങ്ക്: 8.55 ശതമാനം മുതല്‍ പലിശ നിരക്ക്, ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി.
- ആക്‌സിസ് ബാങ്ക്: പ്രോസസ്സിങ് ഫീസില്‍ 50% ഇളവ്, എട്ട് വര്‍ഷം വരെ തിരിച്ചടവ് കാലാവധി, രണ്ട് വര്‍ഷത്തിന് ശേഷം ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ ഒഴിവാക്കി.
- ഐഡിബിഐ ബാങ്ക്: സെപ്റ്റംബര്‍ 30 വരെ കാര്‍ വായ്പകള്‍ക്ക് 100% വരെ പ്രോസസ്സിങ് ഫീസ് ഒഴിവാക്കുന്നു.
- കാനറ ബാങ്ക്: വായ്പാ തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല, 90% വരെ ധനസഹായം, കുറഞ്ഞ പ്രോസസ്സിങ് ഫീസ്, പ്രീ-പേയ്മെന്റ് പിഴയില്ല.
- ഐസിഐസിഐ ബാങ്ക്: അര്‍ഹരായവര്‍ക്ക് 999 രൂപയും നികുതിയും പ്രോസസ്സിങ് ഫീസായി ഈടാക്കുന്നു.
വ്യക്തിഗത വായ്പാ ഓഫറുകള്‍
- എച്ച്ഡിഎഫ്സി ബാങ്ക്: 9.99 ശതമാനം മുതല്‍ വ്യക്തിഗത വായ്പകള്‍. ഫോര്‍ക്ലോഷര്‍ ഫീസ് ഇല്ല, 72 മാസം വരെ തിരിച്ചടവ് കാലാവധി.
- ഐസിഐസിഐ ബാങ്ക്: 9.99 ശതമാനം മുതല്‍ വായ്പകള്‍ ലഭ്യമാണ്.
- ബാങ്ക് ഓഫ് ബറോഡ: ഉയര്‍ന്ന വായ്പാ തുകയും ദീര്‍ഘിപ്പിച്ച തിരിച്ചടവ് സമയപരിധിയും.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: പ്രോസസ്സിങ് ഫീസില്‍ 50% ഇളവ് നല്‍കുന്നു.


