റായ്‌പൂർ: പാചക വാതക വില അടുത്ത മാസം കുറഞ്ഞേക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രണ്ടുദിവസത്തെ ചത്തീസ്​ഗണ്ഡ് സന്ദർശനത്തിന് എത്തിയ അദ്ദേഹം സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

പാചക വാതക വില മാസന്തോറും വർധിക്കുമെന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയിൽ പാചക വാതകത്തിന്റെ വില വർധിപ്പിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് പാചക വാതകത്തിന്റെ ഉപഭോഗം വർധിക്കും. അടുത്ത മാസം അതുണ്ടാവില്ല. അതുകൊണ്ട് വില കുറയും. കഴിഞ്ഞ ആഴ്ച 144.5 രൂപയാണ് സിലിണ്ടറിന് വില വർധിച്ചത്. കഴിഞ്ഞ ഒൻപത് മാസവും ക്രമമായി വില വർധിച്ചിരുന്നു. 2019 ജൂലൈക്കും 2020 ജനുവരിക്കുംഇടയിൽ 63 രൂപയാണ് പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്. ഒൻപത് രൂപ വീതം മാസം വർധിപ്പിച്ചിരുന്നു.

Read More: സബ്സിഡി ബാധ്യത മറികടക്കാന്‍ കേന്ദ്ര സർക്കാർ നീക്കം: പാചക വാതക വില മാസം തോറും വര്‍ധിപ്പിക്കും

നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളിൽ ആവശ്യമായി വന്നാൽ അത് വിപണി വിലയിൽ വാങ്ങേണ്ടി വരും.