ഹോങ്കോങ്: ഏഷ്യയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും ചൂതാട്ട രംഗത്ത് രാജാവ് എന്നറിയപ്പെടുന്നയാളുമായ സ്റ്റാൻലി ഹോ അന്തരിച്ചു. 98 വയസായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ചൂതാട്ട ബിസിനസ് കമ്പനിയായ എസ്ജെഎം ഹോൾഡിങ്സിന്റെ തലവനായിരുന്നു സ്റ്റാൻലി.

ആറ് ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ചൂതാട്ടത്തിലൂടെയാണ് വളർന്നതെങ്കിലും തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും എല്ലായ്പ്പോഴും ചൂതാടരുതെന്ന് ഉപദേശിക്കാറും ഉണ്ടായിരുന്നു ഇദ്ദേഹം. 

മക്കാവുവിൽ മാത്രം 19 കാസിനോകളാണ് എസ്ജെഎമ്മിനുണ്ടായിരുന്നത്. 75 വർഷത്തോളമായി ചൂതാട്ട ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവന്ന സ്റ്റാൻലി തന്റെ 97ാം പിറന്നാളിന് നാല് മാസം ബാക്കിനിൽക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 

മക്കാവുവിന് പുറമെ ചൈന, പോർചുഗൽ, നോർത്ത് കൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ്, മൊസാമ്പിക്, ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം വൻ നിക്ഷേപം നടത്തിയിരുന്നു. ചൂതാട്ടത്തിന് പുറമെ, ഷുൺ ടക് ഹോൾഡിങ്സ് എന്ന പേരിൽ വിനോദം, ടൂറിസം, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, വ്യോമ ഗതാഗതം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും സ്റ്റാൻലി സ്ഥാപിച്ചിരുന്നു.