Asianet News MalayalamAsianet News Malayalam

Startup: ഓഫീസ് സഹായി മുതൽ ശാസ്ത്രജ്ഞർക്ക് വരെ നേട്ടം: ജീവനക്കാരെ ലക്ഷപ്രഭുക്കളാക്കി മലയാളി സംരംഭകൻ ലിയോ മാവേലി

ആറ് വർഷം കൊണ്ട് 40 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലും കാലൂന്നാനുള്ള ശ്രമത്തിലാണ്

Malayali Leo Mavely Axio Biosolutions announces ESOP Buyback program makes employees richer
Author
Thiruvananthapuram, First Published Feb 18, 2022, 7:38 PM IST

ബെംഗളൂരു: ഇരിങ്ങാലക്കുടക്കാരൻ ലിയോ മാവേലി (Leo Mavely) ആറ് വർഷം മുൻപാരംഭിച്ച ഒരു യാത്ര ഇന്നെത്തി നിൽക്കുന്നത് വൻ വിജയത്തിൽ. മെഡിക്കൽ ടെക് രംഗത്ത് (Medical Tech sector) ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയോ ബയോസൊല്യൂഷൻസിന്റെ (Axio biosolutions) ജൈത്രഗാഥ ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. ആറ് വർഷം കൊണ്ട് 40 രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലും കാലൂന്നാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ജീവനക്കാർക്ക് അത്യാഹ്ലാദം നൽകുന്ന മറ്റൊരു തീരുമാനം കമ്പനിയെടുത്തത്. നേരത്തെ ജീവനക്കാർക്ക് വിതരണം ചെയ്ത ഓഹരികൾ തിരികെ വാങ്ങുന്നുവെന്ന് (ESOP - Employee Stock Option) കമ്പനി പ്രഖ്യാപിച്ചത് നിരവധി പേർക്കാണ് നേട്ടമായത്.

'യുഎസ് മാർക്കറ്റിലേക്കുള്ള ഫണ്ടിങ് കഴിഞ്ഞ വർഷം നടത്തിയിരുന്നു. അതിലൂടെ 45 കോടി രൂപ ലഭിച്ചു. അതിൽ നിന്നാണ് 3.75 കോടി രൂപ നൽകി കമ്പനി ഓഹരികൾ തിരികെ വാങ്ങിയത്,' - ലിയോ മാവേലി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2017 ലാണ് കമ്പനി തങ്ങളുടെ ഓഹരികളിൽ ഏഴ് ശതമാനം ജീവനക്കാർക്ക് എംപ്ലോയീസ് സ്റ്റോക് ഓപ്ഷൻ വഴി നൽകിയത്. ഇന്ന് കമ്പനിയിൽ 140 ഓളം ജീവനക്കാരുണ്ട്. ഇവരിൽ കമ്പനിയുടെ ഏറ്റവും താഴേത്തട്ടിലുള്ള ഓഫീസ് സഹായികൾ മുതൽ മാനുഫാക്ചറിങ് വിഭാഗത്തിലുള്ള ശാസ്ത്രജ്ഞർക്ക് വരെ കമ്പനിയുടെ ഓഹരി ലഭിച്ചിരുന്നു.

'ഇത് രണ്ടാം തവണയാണ് ഞങ്ങൾ ഓഹരികൾ തിരികെ വാങ്ങുന്നത്. . ജീവനക്കാരിൽ 40 ശതമാനത്തോളം പേർക്ക് ഇസോപ് വഴി ഓഹരി ലഭിച്ചിരുന്നു. ഇവരിൽ ഏതാണ്ട് പകുതി പേരിൽ നിന്നാണ് ഇക്കുറി ഓഹരികൾ തിരികെ വാങ്ങിയത്. അതിൽ തന്നെ 30 ശതമാനത്തോളം പേർക്ക് 10 ലക്ഷത്തിലേറെ തുക ഷെയർ ബൈ ബാക്കിലൂടെ ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും ഒരു ലക്ഷത്തിലേറെ തുക കിട്ടി. എല്ലാവരും സന്തോഷത്തിലാണ്,' - ലിയോ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഈ മലയാളി സംരംഭം

ഒറ്റ വാക്കിൽ മെഡിക്കൽ ടെക് കമ്പനിയെന്ന് വിശേഷിപ്പിക്കാമെങ്കിലും ലിയോയുടെ ഈ സ്റ്റാർട്ടപ്പ് ഇന്ത്യൻ ആർമിയുടെ കരുത്താണെന്ന് പറയാതെ പറ്റില്ല. മുറിവിൽ നിന്ന് രക്തം വാർന്നുപോകുന്നത് നിയന്ത്രിക്കാനുള്ള 'പാച്ച് (patch)' ആണ് ആക്സിയോ ബയോസൊല്യൂഷൻസ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ 300 ലേറെ ബറ്റാലിയനുകൾ ഇപ്പോൾ തങ്ങളുടെ ഫസ്റ്റ് എയ്ഡ് കിറ്റിൽ ഈ പാച്ചും കരുതുന്നുണ്ട്. വെടിയുണ്ട തറച്ച് കയറി സൈനികർക്ക് പരിക്കേറ്റാലും മറ്റും മുറിവിൽ ഈ പാച്ച് വെച്ച് രക്തം വാർന്നുപോകുന്നത് നിയന്ത്രിക്കാനാവും.

'അഹമ്മദാബാദിലാണ് ഞങ്ങളുടെ പ്ലാന്റ്. ബെംഗളൂരുവാണ് ആസ്ഥാനം. ഇന്ത്യൻ ആർമിയുടെ ഭാഗമാവുകയെന്നത് വളരെയേറെ അഭിമാനമുള്ള ഒന്നാണ്. ലോകത്ത് യൂറോപ്പിലും ഏഷ്യയിലുമായി ആറോളം രാജ്യങ്ങളിൽ ഞങ്ങൾ ഈ പാച്ച് സൈനികർക്ക് നൽകുന്നുണ്ട്,' - ലിയോ വ്യക്തമാക്കി. 

സൈന്യത്തിന് പുറമെ ആശുപത്രികൾക്ക് ആൻജിയോ പ്ലാസ്റ്റി അടക്കമുള്ള സർജറികളിൽ രക്തം വാർന്നുപോകുന്നത് തടയുന്നതിനായി ആക്സിയോ ബയോസൊല്യൂഷൻസ് തങ്ങളുടെ ഉൽപ്പന്നം നൽകുന്നുണ്ട്. അപ്പോളോയടക്കം രാജ്യത്തെ 300 ഓളം ആശുപത്രികളാണ് ഇതിൽ ഭാഗമായിട്ടുള്ളത്. യൂറോപ്പിലും അമേരിക്കയിലും ബി ടു ബി രംഗത്ത് ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോൾ കമ്പനി പദ്ധതിയിടുന്നത്. 

'ഒരു മെഡിക്കൽ ടെക് കമ്പനിയായതിനാൽ തന്നെ ഞങ്ങൾക്ക് ജീവനക്കാർ വളരെയേറെ പ്രധാനമാണ്. പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ജീവനക്കാരുടെ ആത്മാർത്ഥമായ പിന്തുണയും സഹകരണവും ലഭിക്കേണ്ടതുണ്ട്. അതിനാലാണ് ഷെയർ ബൈ ബാക്കിലൂടെ അവർക്ക് സഹായമാകാൻ കമ്പനി ശ്രമിക്കുന്നത്,' - ലിയോ പറഞ്ഞു.

ടാറ്റാ ഗ്രൂപ്പടക്കം നിരവധി നിക്ഷേപകരുടെ വിശ്വാസ്യത നേടിയാണ് ഈ മലയാളിയുടെ മുന്നോട്ട് പോക്ക്. വളർച്ചയുടെ ഘട്ടത്തിലാണ് ഈ സ്റ്റാർട്ട്അപ്പ്. കമ്പനിക്ക് അമേരിക്കൻ വിപണിയിൽ ഉൽപ്പനം വിൽക്കുന്നതിന് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റിയിൽ നിന്നുള്ള രണ്ട് ക്ലിയറൻസുകളും ലഭ്യമായെന്നും ലിയോ പറഞ്ഞു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വരുംനാളുകളിൽ കുതിച്ചുമുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ഈ ഇരിങ്ങാലക്കുടക്കാരൻ.

Follow Us:
Download App:
  • android
  • ios