Asianet News MalayalamAsianet News Malayalam

ഒഴിവുസമയം മാത്രം ജോലി; ഹോട്ടലുകൾ റേറ്റ് ചെയ്ത് ആദ്യ ദിവസം 1500 രൂപ ശമ്പളം, വാട്സ്ആപ് കെണിയിൽ വൻ തട്ടിപ്പ്

ആദ്യം ശമ്പളം നല്‍കി വിശ്വാസ്യത നേടിയ ശേഷമാണ് കൂടുതല്‍ പണം ലഭിക്കണമെങ്കില്‍ ചെയ്യാനുള്ള അടുത്ത പടിയെന്ന തരത്തില്‍ തട്ടിപ്പിനുള്ള വലവീശിയത്.

man got part time work offer through offer for extra income and earned 1500 on first day afe
Author
First Published Dec 8, 2023, 6:54 PM IST

മുംബൈ: പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യത്തില്‍ വിശ്വസിച്ച സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ക്ക് 18 ലക്ഷം രൂപ നഷ്ടമായതായി പരാതി. മുംബൈയിലാണ് 33 വയസുകാരനായ യുവാവ് പണം തിരികെ കിട്ടാന്‍ സഹായം തേടി പൊലീസിനെ സമീപിച്ചത്.  ആദ്യം തന്നെ 1500 രൂപ സമ്പാദിച്ച തനിക്ക് പിന്നീട് 18 ലക്ഷം രൂപ നഷ്ടമായെന്ന് ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു.

മള്‍ട്ടി നാഷണല്‍ ഐ.ടി ആന്റ് കണ്‍സള്‍ട്ടിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവാണ് പാര്‍ട് ടൈം ജോലിക്ക് ശ്രമിച്ച് കെണിയില്‍ വീണത്.  മുംബൈ സിറ്റി ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ വിഭാഗം കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ പങ്കാളികളായെന്ന് കരുതപ്പെടുന്ന ഏഴ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റേറ്റിങ് നല്‍കി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു വാട്സ്ആപ് മെസേജാണ് ഇയാള്‍ക്ക് ലഭിച്ചത്. 

പരസ്യത്തില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ചയാളാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. നിരവധി ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുന്നതിനുള്ള ഒരു കോണ്‍ട്രാക്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ജോലി ചെയ്യാന്‍ താത്പര്യമുള്ളവരെ തേടുന്നുണ്ടെന്നും അറിയിച്ചു. താത്പര്യം അറിയിച്ചപ്പോള്‍ ഒരു ലിങ്ക് നല്‍കി. അതില്‍ കയറി ഹോട്ടലുകള്‍ക്ക് റേറ്റിങ് കൊടുത്തു. കൊടുക്കുന്ന റേറ്റിങിന്റെ സ്ക്രീന്‍ ഷോട്ട് അയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ജോലി ചെയ്യേണ്ടത് എങ്ങനെയെന്ന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വരെ നല്‍കി തട്ടിപ്പല്ലെന്ന് ബോധ്യപ്പെടുത്തി.

പറഞ്ഞതനുസരിച്ച് റേറ്റിങ് നല്‍കി ആദ്യത്തെ സ്ക്രീന്‍ഷോപ്പ് അയച്ചുകൊടുത്തപ്പോള്‍ പ്രതിഫലമായി 200 രൂപ അപ്പോള്‍ തന്നെ നല്‍കി. അന്നുതന്നെ വീണ്ടും ആറ് ഇടപാടുകളിലൂടെ ആകെ 1300 രൂപ ലഭിച്ചു. ഇതിന് പിന്നാലെ ടെലഗ്രാമില്‍ അക്കൗണ്ട് തുടങ്ങാനും ശേഷം ഒരു ഗ്രൂപ്പില്‍ ചേരാനും നിര്‍ദേശിച്ചു. അവിടെ നിന്നാണ് ചില 'പെയ്ഡ് ടാസ്കുകള്‍' കൂടി ലഭിച്ചത്. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുമെന്നും കൂടുതല്‍ പണം സമ്പാദിക്കാമെന്നും ആയിരുന്നു വാഗ്ദാനം.

ടെലഗ്രാമിലൂടെ ലഭിച്ച ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡി, പാസ്‍വേഡ് ഒക്കെ നല്‍കി. ഇതില്‍ ലോഗിന്‍ ചെയ്തപ്പോള്‍ ഒരു വെര്‍ച്വല്‍ വാലറ്റ് അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു. അതിലേക്ക് പണം നിക്ഷേപിച്ചപ്പോള്‍ നല്‍കിയ പണവും ലാഭവുമെല്ലാം പ്രത്യേകം കാണിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പെയ്ഡ് ടാസ്കുകള്‍ ലഭിക്കാന്‍ കൂടുതല്‍ പണം നല്‍കി. ഇങ്ങനെ 18.34 ലക്ഷം രൂപ നിക്ഷേപിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇതിനുള്ള വലിയ ലാഭവും വെബ്‍സൈറ്റില്‍ കാണിച്ചിരുന്നു.

ലാഭം കുറേ ആയ ശേഷം തുക എല്ലാം കൂടി പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നം തുടങ്ങിയത്. വിര്‍ച്വല്‍ വാലറ്റില്‍ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയില്ല. ഇതോടെയാണ് പരാതി നല്‍കിയത്. ഡിസംബര്‍ രണ്ടിന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios