മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള പത്ത് ബാങ്കുകളെ നാല് ബാങ്കുകളുമായി ലയിപ്പിക്കാനുള്ള നടപടി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 

പൊതുമേഖലയിൽ വലിയ ബാങ്കുകൾ സൃഷ്ടിക്കുന്നതിനുള്ള ഏകീകരണ പദ്ധതിയുടെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള 10 ബാങ്കുകളുടെ സംയോജന പദ്ധതി മാർച്ച് നാലിന് സർക്കാർ പുറപ്പെടുവിച്ചിരുന്നു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബാങ്ക് ലയന പദ്ധതികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫീസർ യൂണിയനുകൾ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാങ്ക് ഏകീകരണ പദ്ധതി വളരെ മികച്ചതാണെന്നും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കും. കാനറ ബാങ്കിലേക്ക് സിൻഡിക്കേറ്റ് ബാങ്ക്; അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലേക്ക്; ആന്ധ്ര, കോർപ്പറേഷൻ ബാങ്കുകൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലേക്കും ലയിപ്പിക്കും.