Asianet News MalayalamAsianet News Malayalam

എസ്‌ഐപി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയോ! നിക്ഷേപത്തിന് എന്തു സംഭവിക്കും?

എസ് ഐ പി രീതിയിൽ നിക്ഷേപം നടത്തുന്നവരാണോ? അബദ്ധവശാൽ ഇൻസ്റ്റാൾമെൻറ് നൽകാൻ മറന്നു പോയെങ്കിൽ എന്തുചെയ്യും? എന്തെല്ലാം തിരിച്ചടികൾ നേരിടേണ്ടി വരും 

missed installments consequences
Author
First Published Dec 28, 2022, 12:05 PM IST

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിലുള്ള നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്.

വിപണിയില്‍ ചാഞ്ചാട്ടവും അസ്ഥിരതയും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനവുമാണിത്. വിപണിയില്‍ നിക്ഷേപിക്കാനുള്ള 'നല്ലനേരം' നോക്കാന്‍ ശ്രമിച്ച് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനും എസ്‌ഐപി മാര്‍ഗം പിന്തുടരുന്നതിലൂടെ സാധ്യമാണ്. കൂടാതെ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നേര്‍വഴി കാണിക്കാനും എസ്ഐപി മാതൃകയിലുള്ള നിക്ഷേപങ്ങള്‍ക്കു കഴിയും. ഇതിലൂടെ കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം വാങ്ങുക തുടങ്ങിയ പോലുളള വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാനും സാധിക്കും.

എസ്‌ഐപി തുക കൃത്യമായ തീയതികളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആകണമെങ്കില്‍ ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വീസ് (ഇസിഎസ്), നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എന്‍എസിഎച്ച്) എന്നിവയെ അനുവദിക്കാന്‍ ബാങ്കിനോട് നിക്ഷേപകന്‍ നിര്‍ദേശിക്കണം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളോ ജോലി/ ബിസിനസ് വരുമാന നഷ്ടം പോലെയുള്ള പ്രതികൂല സാഹചര്യങ്ങളാല്‍ എസ്‌ഐപിയുടെ തവണ അടയ്ക്കുന്നതില്‍ ചിലരെങ്കിലും പരാജയപ്പെടാറുണ്ട്. സാമ്പത്തികമായി വിഷമത അനുഭവിക്കുമ്പോള്‍ മുറപ്രകാരം അടയ്‌ക്കേണ്ട എസ്‌ഐപി തവണ മുടങ്ങുന്നത് സ്വാഭാവികവുമാണ്. അതേസമയം എസ്‌ഐപി പദ്ധതിയിലെ ഗഡു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ എന്തൊക്കെ തിരിച്ചടികള്‍ സംഭവിക്കാമെന്ന് നോക്കാം.

>> ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതിരിക്കുമ്പോഴാണ് എസ്‌ഐപി പദ്ധതിയിലേക്കുള്ള ഗഡു മുടങ്ങുന്നത്.

>> എസ്‌ഐപി തുക മുടക്കം വരുത്തിയാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ പിഴത്തുക ഈടാക്കാറില്ല.

>> എന്നിരുന്നാലും അക്കൗണ്ടില്‍ ആവശ്യമായ തുക ലഭ്യമല്ലാതിരുന്നതിനും ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് മുടക്കം വരുത്തുന്നതിനും ബാങ്ക്, ഉപയോക്താവിനു മേല്‍ പിഴ ചുമത്താം.

>> തുടര്‍ച്ചയായ 3 തവണ എസ്‌ഐപി തുക മുടങ്ങിയാല്‍ മാത്രമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പദ്ധതി റദ്ദാക്കുകയുള്ളൂ.

>> എങ്കിലും അതുവരെ നിക്ഷേപിച്ച തുക, ആ പദ്ധതിയില്‍ തുടര്‍ന്നും നിലനില്‍ക്കും. അതിന്മേലുള്ള ആദായവും നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യമെങ്കില്‍ ഏത് സമയത്തും നിക്ഷേപ തുക പിന്‍വലിക്കാനും സാധിക്കും.
 

Follow Us:
Download App:
  • android
  • ios