Asianet News MalayalamAsianet News Malayalam

'ജോക്കി'ക്കും ഇനി രക്ഷയില്ല; അടിവസ്ത്ര വിപണി കീഴടക്കാൻ മുകേഷ് അംബാനി

റിലയൻസ് നിലവിൽ ക്ലോവിയ, സിവാമെ, അമാന്‍റേ തുടങ്ങിയ ബ്രാന്‍ഡുകളെ ഏറ്റെടുത്ത് അടിവസ്ത്ര വിപണിയില്‍  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിലയൻസ് നിലവിൽ ക്ലോവിയ, സിവാമെ, അമാന്‍റേ തുടങ്ങിയ ബ്രാന്‍ഡുകളെ ഏറ്റെടുത്ത് അടിവസ്ത്ര വിപണിയില്‍  സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Mukesh Ambani s Reliance to take on Jockey maker Page Industries RIL s BIG plans revealed
Author
First Published Sep 20, 2024, 7:40 PM IST | Last Updated Sep 20, 2024, 7:40 PM IST

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്തിരിക്കുന്ന അംബാനി കൈവെക്കാത്ത മേഖലകൾ കുറവാണ്. ഇപ്പോഴിതാ രാജ്യത്തെ അടിവസ്ത്ര വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കാൻ ഒരുങ്ങുകയാണ് റിലയന്‍സ്. അടിവസ്ത്ര ബ്രാന്‍ഡുകള്‍ക്ക് പേരുകേട്ട ഇസ്രായേലി വസ്ത്ര കമ്പനിയായ ഡെല്‍റ്റ ഗലീലുമായി കൈകൊടുക്കുകയാണ് മുകേഷ് അംബാനി. ജോക്കി, സ്പീഡോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളും നിലവില്‍ ഇന്ത്യന്‍ അടിവസ്ത്ര വിപണിയിലെ ഒന്നാം സ്ഥാനക്കാരുമായ പേജ് ഇന്‍ഡസ്ട്രീസിന് വെല്ലുവിളി എന്നോണമാണ് റിലയൻസിന്റെ പുതിയ ചുവടുവെപ്പ്. 

പ്രശസ്ത ബ്രാന്‍ഡുകളായ കാല്‍വിന്‍ ക്ലീന്‍, ടോമി ഹില്‍ഫിഗര്‍, കൊളംബിയ എന്നിവ നിര്‍മിക്കുന്നതിന് ലൈസന്‍സ് ഉള്ള കമ്പനിയാണ് ഡെല്‍റ്റ ഗലീല്‍. കൂടാതെ അഡിഡാസ്, പോളോ റാല്‍ഫ് ലോറന്‍ എന്നിവയുമായും കമ്പനി സഹകരിക്കുന്നുണ്ട്. 1975-ല്‍ സ്ഥാപിതമായ ഡെല്‍റ്റ ഗലീലിന്  ഇസ്രായേല്‍, ഒറിഗോണ്‍, ചൈന എന്നിവിടങ്ങളില്‍ ഫാബ്രിക് ഇന്നൊവേഷന്‍, പെര്‍ഫോമന്‍സ് സോക്സുകള്‍, ബ്രാകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള മൂന്ന് ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ഏഴ് രജിസ്റ്റര്‍ ചെയ്ത പേറ്റന്‍റുകള്‍, എട്ട് സാങ്കേതിക വ്യാപാരമുദ്രകള്‍ എന്നിവ കമ്പനിക്ക് അവകാശപ്പെട്ടതാണ്

റിലയൻസ് നിലവിൽ ക്ലോവിയ, സിവാമെ, അമാന്‍റേ തുടങ്ങിയ ബ്രാന്‍ഡുകളെ ഏറ്റെടുത്ത് അടിവസ്ത്ര വിപണിയില്‍  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല, 2024 സാമ്പത്തിക വര്‍ഷത്തില്‍ 2,000 കോടിയിലധികം വില്‍പ്പന ഇതിലൂടെ നേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ അടിവസ്ത്ര വിപണി ഗണ്യമായ വളര്‍ച്ചയാണ് കൈവരിച്ചത്. 2023 ല്‍ രാജ്യത്തെ അടിവസ്ത്ര വിപണിയുടെ മൂല്യം 61,091 കോടി രൂപയാണ്. അടുത്ത വര്‍ഷത്തോടെ ഇത്  75,466 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ സ്ത്രീകളുടെ അടിവസ്ത്ര വിപണിയുടെ വിഹിതം 60 ശതമാനമാണ് . പുരുഷന്മാരുടേത് 30% ഉം ബാക്കി 10 ശതമാനം വിപണി വിഹിതം കുട്ടികളുടേതുമാണ്. ഏറ്റവും ഉയര്‍ന്ന ബ്രാന്‍റായി റിലയന്‍സ് വിപണിയിലെത്തിക്കുന്നത് ഹഷ്  ആണ്. ക്ലോവിയയും സിവാമും മാസ്-പ്രീമിയം ബ്രാന്‍ഡുകളായും, അമാന്‍റേ, എം&എസ്, ഹങ്കെമോളര്‍ എന്നിവ പ്രീമിയം ലേബലുകളായും റിലയന്‍സ്  വിപണിയിലേക്കെത്തിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios