ഗണപതി വിഗ്രഹത്തിനും, സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, വളണ്ടിയര്‍മാര്‍ക്കുമായി 474.4 കോടി രൂപയുടെ റെക്കോര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നേടിയിരിക്കുന്നത്
സര്വാഭരണഭൂഷിതമായ വിസ്മയിപ്പിക്കുന്ന ഗണപതി വിഗ്രഹങ്ങളും വമ്പന്‍ ആഘോഷങ്ങളുമായി നടത്തുന്ന ഗണേശ ചതുര്‍ത്ഥിക്ക് മുംബൈ നഗരം ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇത്തവണത്തെ ആഘോഷത്തിനിടെ വാര്‍ത്തകളിലിടം പിടിക്കുന്നത് മറ്റൊരു കാര്യമാണ്. ആഘോഷത്തിനുള്ള ഇന്‍ഷുറന്‍സ് തുക ഇത്തവണ റെക്കോര്‍ഡ് ആണെന്നതാണ് പുറത്തവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ ഏറ്റവും സമ്പന്നമായ ഗണേഷ് മണ്ഡലുകളിലൊന്നായ ജി.എസ്.ബി സേവാ മണ്ഡല്‍, തങ്ങളുടെ ഗണപതി വിഗ്രഹത്തിനും, സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, വളണ്ടിയര്‍മാര്‍ക്കുമായി 474.4 കോടി രൂപയുടെ റെക്കോര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 400 കോടി രൂപയായിരുന്നു. ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കുന്നവരുടെ കൂട്ടായ്മകളാണ് ഗണേഷ് മണ്ഡലുകള്‍. ഗണപതി വിഗ്രഹത്തില്‍ അണിയിച്ചിരിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളുടെ മൂല്യവര്‍ധനയും കൂടുതല്‍ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയതുമാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിക്കാന്‍ കാരണം. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സാണ് ജി.എസ്.ബി സേവാ മണ്ഡലിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിരിക്കുന്നത്. എല്ലാത്തരം അപകടസാധ്യതകളും ഉള്‍പ്പെടെ ഓള്‍ റിസ്‌ക് കവര്‍, സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് സ്പെഷ്യല്‍ പെറില്‍ പോളിസി, ഭൂകമ്പ ഇന്‍ഷുറന്‍സ്, പൊതുജനങ്ങളുടെ സുരക്ഷ, വളണ്ടിയര്‍മാരുടെയും മറ്റുള്ളവരുടെയും വ്യക്തിഗത അപകട പരിരക്ഷ എന്നിവയെല്ലാം ഈ പോളിസിയില്‍ ഉള്‍പ്പെടുന്നു.
474.4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജില്‍ ഏറ്റവും വലിയ തുക വളണ്ടിയര്‍മാര്‍ക്കുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സിനാണ് നീക്കിവെച്ചിരിക്കുന്നത്. പൂജാരിമാര്‍, പാചകക്കാര്‍, ചെരുപ്പ് കൗണ്ടര്‍ ജീവനക്കാര്‍, വാലറ്റ് പാര്‍ക്കിങ് ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി 375 കോടി രൂപയുടെ കവറേജാണുള്ളത്. സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ക്കും മറ്റു നഷ്ടസാധ്യതകള്‍ക്കുമായി 67 കോടി രൂപയുടെ പരിരക്ഷയുമുണ്ട്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് 2 കോടി രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് സ്പെഷ്യല്‍ പോളിസിയും എടുത്തിട്ടുണ്ട്. ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തിനുള്ള ഇന്‍ഷുറന്‍സ് തുക 43 ലക്ഷം രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക വെളിപ്പെടുത്താന്‍ മണ്ഡല്‍ തയ്യാറായില്ല. കരാറിലെ വ്യവസ്ഥകള്‍ കാരണമാണിതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രധാന ആഘോഷങ്ങളായ ദഹി ഹാന്‍ഡി, ഗണേഷ് ചതുര്‍ത്ഥി, ദുര്‍ഗാ പൂജ എന്നിവയോട് അനുബന്ധിച്ച് ഇവന്റ് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അപകടസാധ്യതകളില്‍ നിന്ന് തങ്ങളുടെ പരിപാടികള്‍ സംരക്ഷിക്കാന്‍ സംഘാടകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് ഈ വര്‍ധനവിന് കാരണം. സര്‍ക്കാരിന്റെ പിന്തുണയും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

