വാഷിങ്ടൺ: കൊവിഡ് അമേരിക്കയിൽ വ്യാപിക്കാൻ തുടങ്ങിയ ശേഷം തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 39 ദശലക്ഷമായി ഉയർന്നു. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളിലും സാമ്പത്തിക മേഖലയ്ക്ക് ഇളവുകൾ നൽകി ആളുകൾക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കുകയാണ് അധികൃതർ.

കഴിഞ്ഞ ആഴ്ച മാത്രം 2.4 ദശലക്ഷം ആളുകളാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത്. കച്ചവട സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതാണ് തിരിച്ചടിക്ക് കാരണമായത്. ഇതോടെ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 38.6 ദശലക്ഷമായി ഉയർന്നു. അപേക്ഷകളുടെ എണ്ണത്തിൽ തുടർച്ചയായ ഏഴാമത്തെ ആഴ്ചയും കുറവുണ്ടായി. എങ്കിലും അപേക്ഷകരുടെ എണ്ണത്തിൽ കൊവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 10 മടങ്ങ് വർധനവാണ് ഉണ്ടായത്. 

90 വർഷം മുൻപുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമാണ്. ഇത് 1930 ന് ശേഷം ആദ്യമായാണ് ഇത്രയും ഉയരുന്നത്.