ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ സെബി ചെയർപേഴ്സണെതിരെ, 'അദാനിയുടെ നിഴൽ കമ്പനികളിൽ നിക്ഷേപം'
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.
ദില്ലി : ഹിൻഡൻ ബർഗിന്റെ പുതിയ വെളിപ്പെടുത്തൽ സെബി ചെയർപേഴ്സണെതിരെ. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.
അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്. ഓഹരികള്‍ പെരുപ്പിച്ച് കാട്ടി അദാനി വന്‍ ലാഭം കൊയ്തുവെന്നും, അതു വഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്‍റെ റിപ്പോര്‍ട്ട് വരുന്നതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തി എന്നാണ് റിപ്പോർട്ടിലെ ആരോപണം. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമത്വം കാട്ടിയെന്നും മാത്രമല്ല, അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.