ദില്ലി: ഏപ്രില്‍ 15 ന് ശേഷം സര്‍വീസ് പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വെ അതോറിറ്റി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം തീരുമാനിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് റെയില്‍വെ മുഴുവന്‍ സര്‍വീസും നിര്‍ത്തിവച്ചത്. ഏപ്രില്‍ 15 ന് ശേഷം എങ്ങിനെ സര്‍വീസ് നടത്തണമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ് റെയില്‍വെ സോണുകള്‍. 

ഓരോ ട്രെയിനുകളുടെയും കാര്യത്തില്‍ റെയില്‍വെ ബോര്‍ഡില്‍ നിന്ന് അന്തിമ തീരുമാനം ലഭിക്കേണ്ടതുണ്ട്. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം തീരുമാനിച്ചത്. എങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ ഗ്രീന്‍ സിഗ്‌നലും ലഭിക്കേണ്ടതുണ്ട്.

രാജ്യത്തെ 17 റെയില്‍വെ സോണുകളും ഏതൊക്കെ ട്രെയിനുകള്‍ സര്‍വീസ് നടത്തണമെന്ന് ആലോചിക്കുകയാണ്. എല്ലാ യാത്രക്കാരുടെയും തെര്‍മല്‍ സ്‌ക്രീനിങ് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.