ഇതുവരെ ബയോമെട്രിക് പരിശോധനകള്‍ക്ക് പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍, മുഖം തിരിച്ചറിയല്‍ സംവിധാനം വരുന്നതോടെ സ്മാര്‍ട്ട്ഫോണ്‍ തന്നെ ഉപകരണമായി മാറും.
ഉയര്‍ന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഉടന്‍ തന്നെ 'ഫേസ് ഓതന്റിക്കേഷന്‍' സംവിധാനം നടപ്പാക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുഐഡിഎഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വലിയ തുകകളുടെ ഇടപാടുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കി വേഗത്തില്‍ നടത്താം.
എന്താണ് 'ഫേസ് ഓതന്റിക്കേഷന്‍'?
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസ് യുഐഡിഎഐയുടെ കൈവശമുണ്ട്. നിലവിലെ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) പോലുള്ള സംവിധാനങ്ങള്‍ക്കൊപ്പം, ഒരാളെ കൃത്യമായി തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മുഖം തിരിച്ചറിയല്‍ ആണെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഭിഷേക് കുമാര്‍ സിംഗ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025-ല്‍ പറഞ്ഞു. ഇതിനായി പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ, നിലവിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് തന്നെ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിയും. ഈ ആശയത്തോട് എന്‍പിസിഐക്ക് പൂര്‍ണ്ണ യോജിപ്പാണ് ഉള്ളതെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സിംഗ് സൂചന നല്‍കി. ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഈ സംവിധാനത്തിലേക്ക് മാറാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മൊബൈല്‍ ഫോണ്‍ തന്നെ മാർഗം; സൗകര്യം 64 കോടിയിലധികം പേര്‍ക്ക്
ഇതുവരെ ബയോമെട്രിക് പരിശോധനകള്‍ക്ക് പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍, മുഖം തിരിച്ചറിയല്‍ സംവിധാനം വരുന്നതോടെ സ്മാര്‍ട്ട്ഫോണ്‍ തന്നെ ഉപകരണമായി മാറും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 64 കോടിയിലധികം സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ട്. മുഖം തിരിച്ചറിയല്‍ സംവിധാനം വരുമ്പോള്‍, മൊബൈല്‍ ഫോണ്‍ തന്നെ ഇതിനായി ഉപയോഗിക്കാം. ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നവരുടെ എണ്ണം 64 കോടിയിലധികമായി ഒറ്റയടിക്ക് വര്‍ധിക്കും. ഇത് നിലവില്‍ വരുന്നതോചെ ഉയര്‍ന്ന തുകയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി പിന്‍ നമ്പറോ, മറ്റ് ബയോമെട്രിക് ഉപകരണങ്ങളോ ആവശ്യമുണ്ടാകില്ല. മൊബൈല്‍ ഫോണിലെ ക്യാമറ വഴി മുഖം തിരിച്ചറിഞ്ഞാല്‍ ഇടപാട് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.


