ഈ തുക കൂടി ലഭിക്കുന്നതോടെ, രണ്ട് പദ്ധതികളിലുമായി പാകിസ്ഥാന് ലഭിക്കുന്ന മൊത്തം സഹായം ഏകദേശം 3.3 ബില്യണ്‍ ഡോളറായി ഉയരും.
പാകിസ്ഥാന് ഐ.എം.എഫില്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,560 കോടിയിലധികം രൂപ) ഉടന്‍ ലഭിച്ചേക്കും. രണ്ട് വായ്പാ പദ്ധതികള്‍ പ്രകാരമുള്ള ഈ തുകയുടെ വിതരണത്തിന് അനുമതി നല്‍കുന്നതിനായി ഐ.എം.എഫ്. എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ഡിസംബര്‍ 8-ന് ചേരും. തുക ഡിസംബര്‍ 9-ന് തന്നെ പാകിസ്ഥാന്റെ അക്കൗണ്ടില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ തുകയില്‍ 7 ബില്യണ്‍ ഡോളറിന്റെ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പദ്ധതി പ്രകാരമുള്ള 1 ബില്യണ്‍ ഡോളറും, 1.4 ബില്യണ്‍ ഡോളറിന്റെ റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി പ്രകാരമുള്ള 200 ദശ ലക്ഷം ഡോളറും ഉള്‍പ്പെടുന്നു. ഈ തുക കൂടി ലഭിക്കുന്നതോടെ, രണ്ട് പദ്ധതികളിലുമായി പാകിസ്ഥാന് ലഭിക്കുന്ന മൊത്തം സഹായം ഏകദേശം 3.3 ബില്യണ്‍ ഡോളറായി ഉയരും.
സാമ്പത്തിക സ്ഥിരതയില്‍ പാകിസ്ഥാന്‍ കൈവരിച്ച പുരോഗതി ഐ.എം.എഫ് അംഗീകരിച്ചിട്ടുണ്ട്. ധനകാര്യ സന്തുലിതാവസ്ഥ, കരുതല്‍ ശേഖരം, നാണയപ്പെരുപ്പം നിയന്ത്രിക്കുന്നത് എന്നിവയില്‍ രാജ്യം മെച്ചപ്പെട്ടതായാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടുത്തഗഡു നല്‍കുന്ന കാര്യം ഐഎംഎഫ് പരിഗണിക്കുന്നത്. എങ്കിലും, ഏകദേശം 70 ലക്ഷം പേരെ ബാധിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന ഐഎംഎഫ് ചൂണ്ടിക്കാട്ടി. 2026 സാമ്പത്തിക വര്‍ഷത്തിലെ പാക്കിസ്ഥാന്റെ ജിഡിപി വളര്‍ച്ച 3.25% മുതല്‍ 3.5% വരെയായിരിക്കും എന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.
കര്‍ശനമായ നിബന്ധനകളുടെ പുറത്താണ് ഐഎംഫ് വായ്പ അനുവദിക്കുന്നത്. ഇത് പ്രകാരം പാകിസ്ഥാന്‍ നികുതി വരുമാനം ജിഡിപിയുടെ ഒന്നര ശതമാനമായി വര്‍ദ്ധിപ്പിക്കണം. കൃഷി, ചില്ലറ വ്യാപാരം, കയറ്റുമതി മേഖലകള്‍ സാധാരണ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം. പാക്കിസ്ഥാനില്‍ സുസ്ഥിര സാമ്പത്തിക സ്ഥിരത കൊണ്ടുവരിക, പൊതു ധനകാര്യം മെച്ചപ്പെടുത്തുക, പണപ്പെരുപ്പം കുറയ്ക്കുക എന്നിവയാണ് വായ്പാ പരിപാടിയുടെ ലക്ഷ്യമെന്ന് ഐഎംഎഫ് പ്രഖ്യാപനത്തില്‍ പറയുന്നു. ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാക്കിസ്ഥാന് അനുവദിക്കുന്നുണ്ട്.2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന് നല്‍കിയ കടം. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍

