സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് നേരിട്ട് ലഭ്യമാകുന്നതായതിനാല്‍ ഈ രേഖകള്‍ക്ക് പൂര്‍ണ്ണ ആധികാരികതയുണ്ട്. രേഖകളില്‍ തിരുത്തലുകള്‍ വരുത്താനോ വ്യാജരേഖ ചമയ്ക്കാനോ സാധിക്കില്ല.
പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആശ്വാസവാര്‍ത്ത. പാസ്പോര്‍ട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡ് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും. ഇതോടെ ഈ രേഖയുടെ പേപ്പര്‍ രൂപം കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകും. വിദേശകാര്യ മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമ്പോള്‍ ഇനി പരക്കം പായേണ്ടതില്ല. പേപ്പര്‍ രഹിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.
എങ്ങനെ ലഭിക്കും?
പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയായാല്‍, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ടിലെ 'ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്' എന്ന വിഭാഗത്തില്‍ നിന്ന് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ലഭിക്കും. ഇത് എപ്പോള്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
പ്രധാന നേട്ടങ്ങള്‍ ഇവയാണ്:
എവിടെയും എപ്പോഴും: മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ എപ്പോള്‍ വേണമെങ്കിലും ഈ രേഖ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അത്യാവശ്യ യാത്രകള്‍ക്കോ ജോലിക്കോ ഇത് ഏറെ ഉപകരിക്കും.
ഫോട്ടോകോപ്പി വേണ്ട: ഉദ്യോഗസ്ഥര്‍ക്കോ ഏജന്‍സികള്‍ക്കോ ഈ രേഖ കൈമാറേണ്ടി വന്നാല്‍, ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തി നല്‍കുന്ന ബുദ്ധിമുട്ട് ഇനിയില്ല. ഡിജിലോക്കര്‍ വഴി തന്നെ ഡിജിറ്റലായി കൈമാറാം.
സുരക്ഷിതം: സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് നേരിട്ട് ലഭ്യമാകുന്നതായതിനാല്‍ ഈ രേഖകള്‍ക്ക് പൂര്‍ണ്ണ ആധികാരികതയുണ്ട്. രേഖകളില്‍ തിരുത്തലുകള്‍ വരുത്താനോ വ്യാജരേഖ ചമയ്ക്കാനോ സാധിക്കില്ല.
എന്താണ് ഡിജിലോക്കര്‍?
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ഡിജിലോക്കര്‍. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനും ആവശ്യസമയത്ത് ഉപയോഗിക്കാനും ഈ സംവിധാനം സഹായിക്കുന്നു


