സാധാരണയായി വായ്പയ്ക്ക് അപേക്ഷിക്കുന്നവരോട് മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ സമർപ്പിക്കാൻ വായ്പ നൽകുന്നവർ ആവശ്യപ്പെടാറുണ്ട്. ഇത് എന്തിനുവേണ്ടി?
പണത്തിന് പെട്ടന്ന് ആവശ്യം വരുമ്പോൾ മിക്കവാറും ആശ്രയിക്കുക വ്യക്തിഗത വായ്പയെയാണ്. ഇന്നത്തെ കാലത്ത്, ബാങ്കുകൾ തമ്മിലുള്ള മത്സരം മുറുകുമ്പോൾ ബാങ്കുകൾ വായ്പകൾ കാലതാമസമില്ലാതെ അനുവദിക്കുന്നുണ്ട്. ഇത് എളുപ്പത്തിൽ ആവശ്യമായ പണം നേടാൻ വ്യക്തികളെ സഹായിക്കുന്നുണ്ട്. ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഡിജിറ്റൽ ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ എന്നിവ വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. ഒട്ടുമിക്ക ബാങ്കുകളും ഇപ്പോഴും വായ്പ നൽകുന്നത് ഓഫ്‌ലൈനായി ആണെങ്കിലും ഏറ്റവും സൗകര്യപ്രദം ഓൺലൈനായി വായ്പ അനുവദിക്കുക എന്നുള്ളതാണ്. എങ്ങനെയാണ് ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്?
നേരിട്ട് ബാങ്കിലെത്തി വായ്പയ്ക്ക്ഒ അപേക്ഷിക്കുന്നത് പോലെ തന്നെ ഓൺലൈനായി അപേക്ഷിക്കുമ്പോഴും ഒരു ഫോം പൂരിപ്പിച്ച് നൽകണം. വ്യക്തിഗത വിശദാംശങ്ങൾ നൽകിയാൽ, ബാങ്ക് നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി അയക്കും. ആധികാരികത ഉറപ്പാക്കാൻ ആണിത്. ഈ വിശദാംശങ്ങളെല്ലാം സമർപ്പിച്ചുകഴിഞ്ഞാൽ, മറ്റ് അവശ്യ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, പാൻ, ആധാർ തുടങ്ങിയ രേഖകളാണ് ഇവ. ശ്രദ്ധിക്കേണ്ട ഒരു കാര്യം, മൊബൈൽ നമ്പറിൽ അയച്ച ഒടിപി വഴി ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ബാക്കിയുള്ളവ ചെയ്യാൻ കഴിയൂ. ഇതിനായി, വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി ആധാർ ഇ കെവൈസി പൂർത്തിയാക്കണം കൂടാതെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.
വ്യക്തിഗത ലോണിന് ആവശ്യമായ പ്രധാന രേഖകൾ:
1. സാലറി സ്ലിപ്പുകൾ
സാധാരണയായി വായ്പയ്ക്ക് അപേക്ഷിക്കുന്നവരോട് മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ സമർപ്പിക്കാൻ വായ്പ നൽകുന്നവർ ആവശ്യപ്പെടാറുണ്ട്. ഇത് എന്തിനുവേണ്ടിയെന്നാൽ, നിങ്ങളുടെ വായ്പ തിരിച്ചടക്കാനുള്ള ശേഷി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാണ്. സാലറി സ്ലിപ്പ് ഒരാൾക്ക് മാസം കൈയിൽ ലഭിക്കുന്ന പണത്തെ സൂചിപ്പിക്കുന്നു.
2. പാൻ:
50,000- രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പാൻ കാർഡ് നൽകണം. കാരണം, പാൻ കാർഡ് നൽകുന്നതിലൂടെ ഓരോ നികുതിദായകന്റെയും സാമ്പത്തിക ഇടപാടുകൾ ക്രോഡീകരിച്ച് അവലോകനം ചെയ്യാൻ ആദായനികുതി വകുപ്പിന് എളുപ്പത്തിൽ കഴിയും
3. ആധാർ:
ആധാർ പലപ്പോഴും വിലാസ തെളിവായും തിരിച്ചറിയൽ രേഖയായും ഉപയോഗിക്കും.
4. ജോലി:
അപേക്ഷകൻ ശമ്പളക്കാരനാണെങ്കിൽ എവിടെ ജോലി ചെയ്യുന്നു എന്നത് തെളിയിക്കുന്ന ഐഡി കാർഡ്, അപ്പോയിൻ്റ്മെൻ്റ് ലെറ്റർ തുടങ്ങിയ തെളിവുകളും സമർപ്പിക്കണം.
ഇതിൽ നിന്നും വ്യത്യസ്തമായി ചിലപ്പോൾ, കടം കൊടുക്കുന്നയാൾ കഴിഞ്ഞ ആറ് മാസത്തെ സാലറി സ്ലിപ്പുകൾ കാണിക്കാൻ പോലും ആവശ്യപ്പെട്ടേക്കാം. കൂടാതെ, കടം കൊടുക്കുന്നയാൾ ഇതിൽ കൂടുതൽ രേഖകളും ആവശ്യപ്പെട്ടേക്കാം, വായ്പക്കാരനെ അപേക്ഷിച്ച് ഇവ ഓരോന്നും ഓരോന്നും വ്യത്യാസപ്പെടാം.