Asianet News MalayalamAsianet News Malayalam

പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ല, പക്ഷേ എല്ലാ കാലവും ഇങ്ങനെ തുടരാനാവില്ലെന്ന് കേന്ദ്രം; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

പെട്രോളും ഡ‍ീസലും എപ്പോൾ ജിഎസ്ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം

petrol and diesel will not be brought under gst immediately but we cant continue like this for ever says central government sources
Author
Delhi, First Published Sep 17, 2021, 7:15 AM IST

ദില്ലി: പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയിൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. 

45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരാനിരിക്കെയാണ് കേന്ദ്രം നയം വ്യക്തമാക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വരും. എത്രകാലം ഇത് ഉൾപ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. പെട്രോളും ഡ‍ീസലും എപ്പോൾ ജിഎസ്ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം. ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം. 

കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുകയാണ്. 

കേരളം എതിർപ്പ് ഉന്നയിച്ച  വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്.

യോഗം ചേരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  പിറന്നാള്‍ ദിനത്തിലാണെന്നും വലിയ പ്രഖ്യാപനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള  ജിഎസ്ടി നഷ്ടപരിഹാരം 2022 ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചർച്ചയാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios