ദില്ലി: കൊവിഡിനെ തടയാൻ മാസ്ക് ധരിക്കുന്നില്ലെങ്കിൽ ഇനി മുതൽ പെട്രോളും ഡീസലും കിട്ടില്ല. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ 58,000 പമ്പുടമകളാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഓൾ ഇന്ത്യാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഇതിനോടകം ഈ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. 

പമ്പുകളിലെ ജീവനക്കാരുടെ താത്പര്യാർത്ഥം എല്ലാ ജനങ്ങളോടും മാസ്ക് ധരിച്ച് മാത്രം ഇന്ധനം വാങ്ങാൻ എത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് അഝയ് ബൻസൽ വ്യക്തമാക്കി. രാജ്യത്തെ 68,761 പെട്രോൾ പമ്പുകളിൽ 84 ശതമാനവും ഈ സംഘടനയിലെ അംഗങ്ങളാണ്.

അതേസമയം പ്രതിമാസ ശരാശരി ഇന്ധന വിൽപ്പനയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 170 കിലോ ലിറ്ററിൽ നിന്ന് 15 കിലോ ലിറ്ററിലേക്കാണ് വിൽപ്പന ഇടിഞ്ഞത്. പമ്പുടമകൾക്ക് തങ്ങളുടെ ചെലവുകൾക്കുള്ള പണം പോലും കിട്ടാത്ത സ്ഥിതിയാണ്. പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവരോട് ഡീലർമാർ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്ത് പെട്രോൾ വിൽപ്പനയിൽ 64 ശതമാനവും ഡീസൽ വിൽപ്പനയിൽ 61 ശതമാനവും ഇടിവുണ്ടായെന്നാണ് ഏപ്രിൽ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിലെ കണക്ക്. മാർച്ച് 25 മുതൽ 31 വരെയുള്ള ഇന്ധന വിൽപ്പനയിൽ 16 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.