Asianet News MalayalamAsianet News Malayalam

കേന്ദ്ര പാക്കേജ് അഴിമതിക്ക് അവസരം നൽകുന്നത്; ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് പ്രക്ഷോഭമെന്നും കുഞ്ഞാലിക്കുട്ടി

പാർലമെന്റ് ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലുള്ളത്. സംസ്ഥാന സർക്കാരും കൊവിഡ് മറയാക്കി വിവാദ തീരുമാനങ്ങൾ കൊണ്ടുവരികയാണ്

PK Kunhalikkutty criticizes Center and State on failure of Covid works
Author
Thiruvananthapuram, First Published May 17, 2020, 5:25 PM IST

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജിനെതിരെ കടുത്ത വിമർശനങ്ങളുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാർ ബാറുകൾ തുറക്കുന്നതിനെതിരെയും കടുത്ത വിമർശനമാണ് മലപ്പുറം എംപിയുടെ ഭാഗത്ത് നിന്നുണ്ടായത്.

പാർലമെന്റ് ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലുള്ളത്. സംസ്ഥാന സർക്കാരും കൊവിഡ് മറയാക്കി വിവാദ തീരുമാനങ്ങൾ കൊണ്ടുവരികയാണ്. നാല് ദിവസം വാർത്താ സമ്മേളനം നടത്തിയിട്ടും കാര്യമായ ഒരു പരിപാടിയും കേന്ദ്രസർക്കാരിന്റെ പാക്കേജിൽ ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

സാധാരണക്കാർക്ക് സഹായകരമാകുന്ന പാക്കേജുണ്ടാകുമെന്ന് കരുത്. എന്നാൽ അതുണ്ടായില്ല. കേരളം സുരക്ഷിതമായെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. മറുനാടൻ മലയാളികളെ അവിടെ നിർത്തിയിട്ട് കേരളം സുരക്ഷിതമായി എന്ന് പറയുന്നത്തിൽ എന്ത് കാര്യമാണ് ഉള്ളത്? സർക്കാർ ഇത്രയും കാലം പറഞ്ഞ കൊവിഡ് കെയർ സെന്ററുകൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

ബാറുകൾ തുറക്കാതെ സംസ്ഥാന സർക്കാരിന് സഹികിട്ടുന്നില്ല. ബാറുകളിൽ കുപ്പി കണക്കിന് മദ്യം നൽകാൻ വിവാദപരമായ തീരുമാനം സർക്കാർ എടുക്കുന്നു. ആരാധനാലയങ്ങൾ അടച്ച്, മത സംഘടനകൾ സഹകരിക്കുമ്പോൾ അവരുടെ മുഖത്തടിച്ച പോലെ ബാറുകൾക്ക് അനുമതി കൊടുക്കുന്നു. സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ, മന്ത്രിമാർക്ക് മാത്രം ബാധകമല്ലാത്ത സ്ഥിതിയാണ്.

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് വൻ പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനത്ത് 2500 പേർക്കുള്ള ക്വാറന്റൈൻ സൗകര്യം പോലുമില്ല. ലോക്ക്ഡൗൺ പിൻവലിക്കണം എന്ന അഭിപ്രായമില്ല. എന്നാൽ കൂടുതൽ ഇളവുകൾ വേണം. പ്രതിപക്ഷം ഒരുക്കി നൽകിയ സൗകര്യം സംസ്ഥാന സർക്കാർ പരിഗണിച്ചതുപോലുമില്ല. ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണം. മലയാളികൾ മറ്റ് സ്ഥലത്ത് മരിക്കാൻ കിടക്കുമ്പോൾ ഇവിടെ കേരളം കോവിഡ് മുക്തമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios