ദില്ലി: രാകേഷ് ഗന്‍ഗ്വാളിന് ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്ന് സിഇഒ റോണോജോയി ദത്ത. വിമാനക്കമ്പനി ഉടമകള്‍ തമ്മിലുളള അഭിപ്രായ ഭിന്നതകള്‍ മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഇന്‍ഡിഗോ ഓഹരി വിലയില്‍ വന്‍ ഇടിവ് പ്രകടമായിരുന്നു. ഇതോടെയാണ് അഭിപ്രായ ഭിന്നതയില്‍ വിശദീകരവുമായി കമ്പനി സിഇഒ നേരിട്ട് രംഗത്ത് എത്തിയത്. 

ഇന്‍ഡിഗോ ഉടമകളായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗന്‍ഗ്വാളും തമ്മിലാണ് ഇന്‍ഡിഗോ തലപ്പത്ത് തമ്മിലടി കടുത്തത്. ഇവര്‍ രണ്ട് പേരുമാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകള്‍. ഏകദേശം 40 ശതമാനത്തിന് അടുത്ത് ഓഹരി വിഹിതം ഇരുവര്‍ക്കും ഇന്‍ഡിഗോയിലുണ്ട്. കമ്പനിയുടെ തലപ്പത്തെ തര്‍ക്കങ്ങള്‍ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വ്യാഴാഴ്ച ഇന്‍ഡ‍ിഗോയുടെ ഉടമകളായ ഇന്‍റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്‍റെ ഓഹരികളില്‍ ഒന്‍പത് ശതമാനത്തിന്‍റെ നഷ്ടം നേരിട്ടിരുന്നു.

ഇന്ത്യന്‍ വ്യോമയാന രംഗത്ത് വര്‍ധിച്ചുവരുന്ന കിടമത്സരത്തില്‍ ഇന്‍ഡിഗോ എന്ത് നിലപാട് സ്വീകരിക്കണം എന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് പ്രധാനമായും അഭിപ്രായ ഭിന്നതകള്‍ക്ക് കാരണം. ഇന്‍ഡിഗോയെ ത്വരിത വളര്‍ച്ചയിലേക്ക് നയിക്കണമെന്ന പക്ഷക്കാരനാണ് യുഎസ് എയര്‍വെയ്സ് ഗ്രൂപ്പിന്‍റെ ചെയര്‍മാനായിരുന്ന രാകേഷ് ഗന്‍ഗ്വാള്‍.

ഇപ്പോള്‍ വ്യോമയാന മേഖലയില്‍ നിലനില്‍ക്കുന്ന നഷ്ടസാധ്യത കൂടി കണക്കിലെടുത്ത് കരുതലോടെയുളള സമീപനം മതിയെന്ന നിലപാടാണ് രാഹുല്‍ ഭാട്ടിയ്ക്കുളളത്. ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടിയതോടെ ശൂന്യമായി കിടക്കുന്ന ടൈം സ്ലോട്ടുകള്‍ കൈയടക്കാനും വിപണി വിഹിതം വര്‍ധിപ്പിക്കാനുമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കരുനീക്കം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്‍ഡിഗോ, ഗോ എയര്‍, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ തമ്മില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനായി ചടുല നീക്കങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. 

"വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ രാകേഷ് ഗന്‍ഗ്വാള്‍ എന്നെ  ചുമതലപ്പെടുത്തിയിരിക്കുകയാണ്, ഞാന്‍ സംശയത്തിന് ഇടനല്‍കാതെ വ്യക്തമാക്കാനാഗ്രഹിക്കുകയാണ് ആര്‍ജി ഗ്രൂപ്പിന് വിമാനക്കമ്പനിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ആഗ്രഹമോ തല്‍പര്യമോ ഇല്ല". ഇന്‍ഡിഗോ സിഇഒ റോണോജോയി ദത്ത പറഞ്ഞു.

2006 ലാണ് ഇന്‍ഡിഗോ സ്ഥാപിതമാകുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 47 ശതമാനം ഓഹരി വിഹിതവും കമ്പനിക്കുണ്ട്. 70 അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസുളള ഇന്‍ഡിഗോയ്ക്ക് മൊത്തം 225 വിമാനങ്ങള്‍ കൈവശമുണ്ട്. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.