സമ്പത്തിന്റെ വലിയൊരു ഭാഗം സമൂഹത്തിന്റെ ക്ഷേമത്തിനായി സമർപ്പിച്ച രത്തൻ ടാറ്റ. വ്യവസായത്തിലും മനുഷ്യത്വം മുഖമുദ്രയാക്കിയ രത്തൻ ടാറ്റയ്ക്ക് ഇന്ന് 85 വയസ്സ്
വ്യവസായ പ്രമുഖനും ടാറ്റ സൺസിന്റെ ചെയർമാനുമായ രത്തൻ ടാറ്റയുടെ 85-ാം ജന്മദിനമാണ് ഇന്ന്. ഒരു ബിസിനസ് ടൈക്കൂൺ എന്നതിലുപരി, അദ്ദേഹം ഒരു മോട്ടിവേഷണൽ സ്പീക്കറും മികച്ച മനുഷ്യസ്‌നേഹിയും കൂടിയാണ്. മനുഷ്യത്വം എന്നതിൽ മൂല്യം കൽപ്പിക്കുന്ന അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം സമൂഹത്തിന്റെ ക്ഷേമത്തിനായി സമർപ്പിച്ചു.
ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തിലും ഏറ്റവും ആദരണീയനായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ വ്യവസായിയാണ് രത്തൻ ടാറ്റ, അദ്ദേഹത്തിന്റെ ട്വിറ്റർ ഫോളോവേഴ്‌സ് ഈ വർഷം 18 ലക്ഷം വർദ്ധിച്ചതായാണ് റിപ്പോർട്ട്.
രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, ഇത് പ്രധാനമായും ടാറ്റ സൺസിൽ നിന്നാണ് ലഭിച്ചത്, ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരം ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ രത്തൻ ടാറ്റ 421-ാം സ്ഥാനത്താണ്. രത്തൻ ടാറ്റയ്ക്ക് ഏകദേശം 30 മില്യൺ ഡോളറിന്റെ അതായത് ഏകദേശം 224 കോടി രൂപ വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റ് ഉണ്ട്. കൂടാതെ, മുംബൈയിൽ 14,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു ആഡംബര ഭവനമുണ്ട്. ഏകദേശം 150 കോടി രൂപയാണ് ഈ ആഡംബര വീടിന്റെ ചിലവ്. ജിം, സ്വിമ്മിംഗ് പൂൾ, സൺ ഡെക്ക്, ബാർ, ലോഞ്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും ടാറ്റയുടെ മാൻഷനിലുണ്ട്.
നേവൽ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. 1959-ൽ ആർക്കിടെക്ചറും സ്ട്രക്ചറൽ എഞ്ചിനീയറിംഗും പഠിക്കാൻ ടാറ്റ കോർണൽ യൂണിവേഴ്സിറ്റിയിൽ എത്തി. ഇന്ന് ഉപ്പ് മുതൽ ഐടി വരെയുള്ള വിവിധ വ്യവസായങ്ങളിൽ ടാറ്റ ഗ്രൂപ്പ് മുൻനിരയിലുണ്ട്. 23.6 ട്രില്യൺ രൂപയാണ് മൊത്തം വിപണി മൂല്യം.
