റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ 'നിശ്ചലമായ സമ്പദ്വ്യവസ്ഥ' എന്ന് വിശേഷിപ്പിച്ചത്.

നിശ്ചലമായ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. മാറുന്ന ലോക ക്രമത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ശോഭനമായ ഭാവിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് വായ്പാ നയ പ്രഖ്യാപനത്തിനിടെയാണ് മല്‍ഹോത്രയുടെ ഈ പ്രതികരണം. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ 'നിശ്ചലമായ സമ്പദ്വ്യവസ്ഥ' എന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരെ ട്രംപിന്റെ പുതിയ താരിഫ് ഭീഷണികളെത്തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്തി. പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം 16 പൈസ കുറഞ്ഞു. മാറുന്ന ലോക സാഹചര്യങ്ങളില്‍ ലോകമെമ്പാടും മന്ദഗതിയിലുള്ള വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവുമാണ് നേരിടുന്നതെന്ന് മല്‍ഹോത്ര പറഞ്ഞു. നേരത്തെ ട്രംപിന് മറുപടിയായി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ പോകുകയാണെന്നും അതുകൊണ്ടാണ് അതിന്റെ സാമ്പത്തിക താല്‍പര്യങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ താരിഫുകള്‍ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കുക പ്രയാസമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. യുഎസ് താരിഫുകള്‍ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഭാവിയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നയം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താരിഫ് പ്രഖ്യാപനങ്ങളും വ്യാപാര ചര്‍ച്ചകളും കാരണം ആഗോള വ്യാപാര അന്തരീക്ഷം അനിശ്ചിതത്വത്തിലാണെങ്കിലും 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജി.ഡി.പി വളര്‍ച്ചാ പ്രവചനം 6.5 ശതമാനമായി ആര്‍.ബി.ഐ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ പ്രവചിച്ച വളര്‍ച്ചാ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു