ആഗോള വിപണിയിലെ എണ്ണവില വർധനവും ഉയർന്ന പണപ്പെരുപ്പവും വിലയിരുത്താൻ ആർബിഐയുടെ മൂന്ന് ദിവസത്തെ നിർണായക യോഗം ഇന്ന് മുതൽ. ഒക്ടോബർ 7ന് പ്രഖ്യാപിക്കുന്ന പുതിയ വായ്പാനയത്തിൽ പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക ലോകം കരുതുന്നത്.

റിസർവ് ബാങ്കിന്റെ പണനയ അവലോകയോഗം തുടങ്ങി. മൂന്ന് ദിവസത്തെ യോഗത്തിൽ റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകൾ. മൂന്ന് വർഷത്തിനിടെയുളള ആദ്യ നിരക്ക് വർധനവാകുമിത്. പണപ്പെരുപ്പ നിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോള വിപണിയിലെ ക്രൂഡ് വിലവർധനയും നിരക്ക് വർധനയ്ക്ക് കാരണമാകുന്നുണ്ട്. ഓഗസ്റ്റിലെ നയ അവലോകനത്തിൽ ആർ.ബി.ഐ. റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിലനിർത്തുകയും 'നിഷ്പക്ഷ' നിലപാട് തുടരുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ 5.25 ശതമാനം 5.50 ശതമാനമായി ഉയർത്താനും ഡിസംബറിൽ വീണ്ടും റിപ്പോ ഉയരാനുമുളള സാധ്യതയാണ് സാമ്പത്തിക വിദഗ്ദർ പങ്കുവയ്ക്കുന്നത്. ഇതോടെ വിവിധ വായ്പകളുടെ പലിശനിരക്ക് ഉയർന്നേക്കും. ഭവന, വാഹന വായ്പയെടുത്തവർക്ക് ഇത് തിരിച്ചടിയാകും. അതെ സമയം സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കും.

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേരുന്ന ആറംഗ സമിതി രാജ്യത്തെ നിലവിലെ സങ്കീർണ്ണമായ സാമ്പത്തിക സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തും. ഒക്ടോബർ 7-നാണ് ബാങ്കിന്റെ പുതിയ വായ്പാനയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

കഴിഞ്ഞ അവലോകന യോഗങ്ങളിലും റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താനാണ് ആർബിഐ തീരുമാനിച്ചിരുന്നത്. 2025-ൽ ആകെ 125 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയ ശേഷമായിരുന്നു റിസർവ് ബാങ്ക് തുടർച്ചയായി റിപ്പോ മാറ്റമില്ലാതെ തുടർന്നിരുന്നത്. എന്നാൽ, നിലവിൽ ആഭ്യന്തര പണപ്പെരുപ്പത്തിലുണ്ടായ വർധനവും ആഗോള സാമ്പത്തിക പ്രതിസന്ധികളും ആർബിഐക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പലിശനിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതരായേക്കുമെന്നാണ് സാമ്പത്തിക ലോകം കരുതുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കടുത്തതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. വർധിച്ചുവരുന്ന ഇന്ധനച്ചെലവ് ഗതാഗതച്ചെലവ് കൂട്ടാനും, അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനും സാധ്യതയേറെയാണ്. അതോടൊപ്പം ഇന്ത്യൻ രൂപ നേരിടുന്ന മൂല്യത്തകർച്ചയും ആഗോളതലത്തിൽ മറ്റ് കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്തുന്നതും റിസർവ് ബാങ്കിന് മേൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഒക്ടോബർ 7-ലെ പ്രഖ്യാപനം സാമ്പത്തിക രംഗത്തിനും ഓഹരി വിപണിക്കും ഒരുപോലെ നിർണായകമായിരിക്കും.