പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നത്കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്
ദില്ലി: പതിനൊന്നാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). യോഗത്തിൽ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നത്കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആർബിഐയുടെ മോശം വീക്ഷണത്തിന് കാരണം തുടർച്ചയായി ഉയർന്ന ഭക്ഷ്യവില കയറ്റമാണ് എന്ന് മാധ്യമംഗോൾഡ് സംസാരിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.6% ആയി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം 4.8% ആയി വർധിപ്പിച്ചു.
വായ്പാ ചെലവ് ലഘൂകരിക്കാൻ സർക്കാരിൻ്റെയും സാമ്പത്തിക വിദഗ്ധരുടെയും സമ്മർദത്തെ തുടർന്നാണ് നിരക്ക് നിലനിർത്താനുള്ള തീരുമാനം. ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഉയർന്ന വായ്പാ ചെലവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ചില സാമ്പത്തിക വിദഗ്ധർ വായ്പ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ആർബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലായതിനാൽ ഉടനടി നിരക്ക് കുറയ്ക്കുന്നതിൽ നിന്നും ആർബിഐ ഇത്തവണയും വിട്ടുനിന്നിരിക്കുകയാണ് .
അതേസമയം, ഡിസംബറിൽ പലിശ കുറയുമെന്നുള്ള, വായ്പ എടുത്തവരുടെ പ്രതീക്ഷ ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഭവന - വാഹന വായ്പ എടുത്തവരുടെ പ്രതീക്ഷയ്ക്ക്ക് വലിയ തിരിച്ചടിയാണ് ആർബിഐയുടെ പുതിയ പണനയം. ആർബിഐ ഗവർണറായ ശക്തികാന്ത ദാസിന്റെ ചുമതല ഡിസംബർ 10-ന് അവസാനിക്കും. അതിനു മുൻപുള്ള ധന നയ യോഗം എന്ന നിലയിലും ഇത്തവണത്തെ എംപിസി മീറ്റിങ് ശ്രദ്ധ നേടിയിരുന്നു.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആർബിഐ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു
