Asianet News MalayalamAsianet News Malayalam

മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ?: ആശ്വാസ വാക്കുകളുമായി നീതി ആയോഗ് മുൻ വൈസ് ചെയർമാൻ

ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തിരിച്ചടിയായാലും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറു മുതൽ 7 ശതമാനം വരെ സാമ്പത്തിക വളർച്ച നേടുമെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ

Recession will not affect India  Ex vice chairman of NITI Aayog
Author
First Published Nov 20, 2022, 7:26 PM IST

ദില്ലി : ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തിരിച്ചടിയായാലും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറു മുതൽ 7 ശതമാനം വരെ സാമ്പത്തിക വളർച്ച നേടുമെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ. ആഗോളതലത്തിൽ ഒരു സാമ്പത്തിക മാന്ദ്യത്തിന്റേതായ സ്ഥിതി സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രാജീവ് കുമാറിന്റെ പ്രവചനം.

അമേരിക്ക, യൂറോപ്പ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സാമ്പത്തിക സ്ഥിതി വളരെ അധികം താഴേക്ക് പോകുന്നതായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വരും മാസങ്ങളിൽ ഒരു മാന്ദ്യത്തിന്റെ സാഹചര്യം ഉണ്ടാക്കും. എന്നാൽ ഇന്ത്യയിൽ അത്തരത്തിൽ മാന്ദ്യം ഉണ്ടാവുകയില്ല. രാജ്യത്തിന് സാമ്പത്തിക വളർച്ചയ്ക്ക് ഇതൊരു തിരിച്ചടി ആകുമെങ്കിലും ആറ് മുതൽ 7% വരെ ജിഡിപി വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ നിശ്ചയമായും കൈവരിക്കും എന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറര ശതമാനം വളർച്ച നേടുമെന്നാണ് ഒക്ടോബർ ആറിന് ലോകബാങ്ക് പ്രവചിച്ചത്. ഐഎംഎഫ് ആകട്ടെ 6.8 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രതീതി ഉണർന്നതിനെ തുടർന്ന് മുൻനിര കോർപ്പറേറ്റ് കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു തുടങ്ങി. 

ആഗോളതലത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ ജോലിയില്ലാതെ ഇപ്പോൾ ജീവിതം അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇന്ത്യയിൽ മാന്ദ്യം ഉണ്ടാകില്ല എന്നത് ഇവിടുത്തെ സ്വകാര്യമേഖലയ്ക്കും ജീവനക്കാർക്കും വളരെയേറെ ആശ്വാസം നൽകുന്ന കാര്യമാണ്.

Read more:'ടിവിയും ഫ്രിഡ്ജും ഒന്നും ഇപ്പോ വാങ്ങല്ലെ': പറയുന്നത് ലോക കോടീശ്വരന്‍ ജെഫ് ബെസോസ്; കാരണം ഇതാണ്.!

അതേസമയം, സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന രംഗത്തെത്തിയിരുന്നു. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്.  മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി  ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയിൽ ലോകവ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.
  

Follow Us:
Download App:
  • android
  • ios