ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്നാണ് അധികാരമേറ്റത്. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് അദ്ദേഹത്തിന്റെ പങ്കാളി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്നാണ് അധികാരമേറ്റത്. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് അദ്ദേഹത്തിന്റെ പങ്കാളി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ അക്ഷതയ്ക്ക് ഓഹരികൾ ഉണ്ട്. 2022 ഡിവിഡൻഡ് ആയി കമ്പനിയിൽ നിന്ന് അക്ഷതക്ക് കിട്ടിയത് 126.6 കോടി രൂപയായിരുന്നു.
ഇൻഫോസിസിൽ 0.93 ശതമാനത്തോളം വരുന്ന 3.89 കോടി ഓഹരികളാണ് അക്ഷതയുടെ പക്കലുള്ളത്. 5956 കോടി രൂപ വില വരുന്നതാണ് ഈ ഓഹരികൾ. ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1527.4 രൂപയായിരുന്നു ഇൻഫോസിസ് ഓഹരിയുടെ വില.
2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്ക് ഓഹരിക്ക് 16 രൂപയാണ് കമ്പനി ഡിവിഡൻഡ് നൽകിയത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇടക്കാല ഡിവിഡൻഡ് ആയി ഓഹരിക്ക് 16.5 രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതു രണ്ടും ചേർത്താൽ ഓഹരിക്ക് 32.5 രൂപയായിരുന്നു ഈ വർഷം ഇതുവരെ ഓഹരി ഉടമകൾക്ക് ഡിവിഡൻഡ് ലഭിച്ചത്. ഇത് പ്രകാരമാണ് അക്ഷതയ്ക്ക് 126.61 കോടി രൂപ ലഭിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഭാര്യ അക്ഷതയും വാർത്തകളിൽ നിറഞ്ഞത്. ഋഷി സുനക് ഇന്ന് ചുമതലയേറ്റിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ജനവിധി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
