എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ നാളേക്കുള്ള ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമല്ല.
കൊച്ചി: ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ നിന്ന് മുംബൈലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 രൂപ വരെ ഉയർന്നിട്ടുണ്ട്, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ നാളേക്കുള്ള ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമല്ല, വിറ്റഴിച്ചുകഴിഞ്ഞതായാണ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം.
നാളെ, ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കണമെങ്കിൽ എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് അര ലക്ഷം മുതൽ 1.11000 വരെയാണ്. ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില ഒരു ലക്ഷത്തിന് മുകളിലാണ്. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ശനി,ഞായർ ദിവസങ്ങളിൽ ഈ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, ടിക്കറ്റ് നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ട്. ദില്ലിയിൽ നിന്നും മുംബൈയിലേക്ക് 5000 രൂപ മുതൽ പറക്കാൻ കഴിഞ്ഞിരുന്നിടത്ത് നിന്നാണ് 48,000 രൂപ വരെ എത്തിയിരിക്കുന്നത്. ദില്ലിയിൽ നിന്ന് ബാംഗ്ലൂരേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 42,000 മുതൽ ആണെങ്കിൽ എയർ ഇന്ത്യയുടെ നിരക്ക് 97,000 മൂതലാണ്. ആകാശ എയറിന്റെ നിരക്ക് 47,000 മുതലും സ്പയ്സ് ജെറ്റിന്റെ നിരക്ക് 90,000 മുതലുമാണ് ആരംഭിക്കുന്നത്. എന്നാൽ സാധാരണ 6000-7000 രൂപയ്ക്ക് പറക്കാൻ സാധിക്കുന്നയിടത്താണ് ഈ അമിത കൊള്ള വിമാന കമ്പനികൾ നടത്തുന്നത്.
വ്യോമയാന മേഖലയിൽ 19 വർഷമായുള്ള ബജറ്റ് എയർലൈനായ ഇൻഡിഗോ, പ്രതിദിനം 2,200 സർവീസുകളാണ് നടത്തിയിരുന്നത്. നിലവിൽ ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വലിയ പ്രതിസസന്ധിയാണ് ഇൻഡിഗോ നേരിടുന്നത്.ഇതുവരെ, രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി 200ൽ അധികം സർവീസുകൾ മുടങ്ങി. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ഇൻഡിഗോയ്ക്ക് സംഭവിച്ചതെന്ത്?
ഇന്ത്യയിൽ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് കൊണ്ടുവന്നതാണ് ഇൻഡിഗോയ്ക്ക് വെല്ലുവിളിയായത്. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ നയം ഇൻഡിഗോ അവതരിപ്പിച്ചത്. ഇതിനൊപ്പം ജീവനക്കാരുടെ കുറവും, വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകളും യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും ഇൻഡിഗോയെ പ്രതിസന്ധിയിലാക്കി. നവംബർ ഒന്നുമുതലാണ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. അതിന് ശേഷം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണത്തിൽ വലിയ കുറവ് നേരിടുകയാണ് ഇൻഡിഗോ. പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം കുത്തനെ കുറയ്ക്കുകയും റെസ്റ്റ് റിക്വയർമെന്റ്സ് നിർബന്ധമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.


