കഴിഞ്ഞ മാസം ഡോളറിനെതിരെ ഇടിവുണ്ടായ ഏഷ്യന്‍ കറന്‍സികള്‍ ടാക്കയും രൂപയും മാത്രമാണ്.

ഴിഞ്ഞ മാസം ഡോളറിനെതിരെ ഏറ്റവുമധികം ഇടിവ് നേരിട്ട രണ്ട് കറന്‍സികളിലൊന്ന് രൂപയെന്ന് കണക്കുകള്‍. രാഷ്ട്രീയ പ്രതിസന്ധിയില്‍ വലഞ്ഞ ബംഗ്ലാദേശിന്‍റെ കറന്‍സിയായ ടാക്കയായിരുന്നു മറ്റൊന്ന്. 0.20 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം ഡോളറിനെതിരെ രൂപയ്ക്കുണ്ടായത്. ഡോളറിന്‍റെ ഡിമാന്‍റ് ഉയര്‍ന്നതും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം വന്‍തോതില്‍ വിറ്റഴിച്ചതുമായിരുന്നു രൂപയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം ഡോളറിനെതിരെ ഇടിവുണ്ടായ ഏഷ്യന്‍ കറന്‍സികള്‍ ടാക്കയും രൂപയും മാത്രമാണ്.

കഴിഞ്ഞ മാസം ഡോളറിനെതിരെ രൂപയുടെ മൂല്യം 83.87 വരെ താഴ്ന്നു.യുഎസ് ഡോളറിന്‍റെ മൂല്യം കുറഞ്ഞിട്ട് പോലും രൂപയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല.ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപരുടെ നിക്ഷേപം കുറഞ്ഞതും ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ തകര്‍ച്ചയുടെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇത് വരെ രൂപയുടെ മൂല്യം 0.6 ശതമാനം ഇടിഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മോശം പ്രകടനമാണ് രൂപ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഹോങ്കോംഗ് ഡോളറിനും സിംഗപ്പൂർ ഡോളറിനും ശേഷം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളറിനെതിരെ ഏറ്റവും സ്ഥിരതയുള്ള മൂന്നാമത്തെ ഏഷ്യൻ കറൻസി ആയിരുന്നു രൂപ. 2023 കലണ്ടർ വർഷത്തിൽ, രൂപ ഡോളറിനെതിരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ഡോളറിനെതിരെയുള്ള ഏറ്റവും മികച്ച സ്ഥിരതയാർന്ന പ്രകടനമായിരുന്നു അത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. രൂപയുടെ മൂല്യം 83.88 എന്ന നിലയിലേക്ക് താഴ്ന്നു. രൂപയുടെ തകര്‍ച്ച തുടരുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്നാണ് സൂചനകള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 എന്ന കനത്ത ഇടിവിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിപണിയില്‍ ആവശ്യത്തിനുള്ള ഡോളര്‍ എത്തിച്ചുകൊണ്ടുള്ള ഇടപെടല്‍ റിസര്‍വ് ബാങ്ക് നടത്തിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു