സ്വര്‍ണ്ണാഭരണങ്ങള്‍, നാണയങ്ങള്‍, വെള്ളി പാത്രങ്ങള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം: ഇവ വാങ്ങിയ ശേഷം 24 മാസത്തിന് (രണ്ട് വര്‍ഷം) ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ലാഭത്തിന്മേല്‍ 12.5 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും

സ്വര്‍ണത്തിലോ വെള്ളിയിലോ നിക്ഷേപിച്ച് നല്ല ലാഭമുണ്ടാക്കിയെന്നു കരുതി അത് വില്‍ക്കാന്‍ ധൃതി വേണ്ട. കയ്യില്‍ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു പങ്ക് നികുതിയായി നല്‍കേണ്ടി വരുമോ എന്ന് മുന്‍കൂട്ടി പരിശോധിക്കണം. സ്വര്‍ണം ആഭരണമാണോ, ബിസ്‌കറ്റാണോ അതോ ഡിജിറ്റല്‍ സ്വര്‍ണമാണോ എന്നതിനനുസരിച്ച് നികുതി വ്യത്യാസപ്പെടും.

എവിടെയൊക്കെ നിക്ഷേപിക്കാം?

മലയാളികള്‍ പ്രധാനമായും അഞ്ച് രീതിയിലാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്: 1. ഫിസിക്കല്‍ ഗോള്‍ഡ്: ആഭരണങ്ങള്‍, നാണയങ്ങള്‍, ബിസ്‌ക്കറ്റുകള്‍. 2. ഡിജിറ്റല്‍ ഗോള്‍ഡ്: ആപ്പുകള്‍ വഴി വാങ്ങുന്നത്. 3. ഗോള്‍ഡ് ഇ.ടി.എഫ് : ഓഹരി വിപണി വഴി. 4. മ്യൂച്വല്‍ ഫണ്ടുകള്‍: സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍. 5. സോവറിന്‍ ഗോള്‍ഡ് ബോണ്ട് : സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍.

വെള്ളിയില്‍ നാണയങ്ങള്‍, കട്ടികള്‍, പാത്രങ്ങള്‍, ഡിജിറ്റല്‍ സില്‍വര്‍, സില്‍വര്‍ ഇ.ടി.എഫ് എന്നിവ വഴിയും നിക്ഷേപം നടത്താം.

നികുതി എത്ര? എപ്പോള്‍ നല്‍കണം? കൈവശം വെക്കുന്ന കാലയളവാണ് നികുതി എത്രയെന്ന് നിശ്ചയിക്കുന്നത്. കേന്ദ്ര ബജറ്റിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം (വിലക്കയറ്റത്തിന് അനുസരിച്ചുള്ള ഇളവ്) ഇപ്പോള്‍ ലഭ്യമല്ല.

ഓരോ നിക്ഷേപവും എപ്പോള്‍ വില്‍ക്കണം? നികുതി വ്യത്യാസം ഇങ്ങനെ:

സ്വര്‍ണ്ണാഭരണങ്ങള്‍, നാണയങ്ങള്‍, വെള്ളി പാത്രങ്ങള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം: ഇവ വാങ്ങിയ ശേഷം 24 മാസത്തിന് (രണ്ട് വര്‍ഷം) ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ലാഭത്തിന്മേല്‍ 12.5 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. എന്നാല്‍ രണ്ട് വര്‍ഷത്തിന് മുന്‍പ് വില്‍ക്കുകയാണെങ്കില്‍, ആ ലാഭം നിങ്ങളുടെ ആകെ വരുമാനത്തോടൊപ്പം ചേര്‍ക്കുകയും നിങ്ങള്‍ ഏത് ടാക്‌സ് സ്ലാബിലാണോ വരുന്നത് ആ നിരക്കില്‍ നികുതി ഈടാക്കുകയും ചെയ്യും.

ഗോള്‍ഡ്, സില്‍വര്‍ ഇ.ടി.എഫുകള്‍ : ഓഹരി വിപണി വഴി വാങ്ങുന്ന ഇ.ടി.എഫുകള്‍ക്ക് നികുതി ഇളവ് ലഭിക്കാന്‍ ഒരു വര്‍ഷം കൈവശം വെച്ചാല്‍ മതിയാകും. അതായത്, 12 മാസത്തിന് ശേഷം ഇവ വിറ്റാല്‍ ലാഭത്തിന്റെ 12.5 ശതമാനമാണ് നികുതി. എന്നാല്‍ ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ വില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഇന്‍കം ടാക്‌സ് സ്ലാബ് നിരക്കനുസരിച്ചുള്ള നികുതി ബാധകമാകും.

സ്വര്‍ണ്ണ/വെള്ളി മ്യൂച്വല്‍ ഫണ്ടുകള്‍: മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ 24 മാസമാണ് (രണ്ട് വര്‍ഷം) പരിധി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലാഭത്തിന്മേല്‍ 12.5 ശതമാനം നികുതി നല്‍കണം. എന്നാല്‍ രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് വില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള സ്ലാബ് നിരക്കില്‍ നികുതി നല്‍കേണ്ടി വരും.

ജി.എസ്.ടി ശ്രദ്ധിക്കുക

സ്വര്‍ണമോ വെള്ളിയോ വാങ്ങുമ്പോഴാണ് ജി.എസ്.ടി നല്‍കേണ്ടത്. ഇത് വില്‍ക്കുമ്പോള്‍ ബാധകമല്ല. എങ്കിലും വാങ്ങിയ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേരുന്നതിനാല്‍ നിക്ഷേപത്തിന്റെ ആകെ ചിലവ് വര്‍ദ്ധിക്കും. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്വര്‍ണ്ണ നിക്ഷേപങ്ങളില്‍ ഏറ്റവും ലാഭകരമായത് സര്‍ക്കാര്‍ ബോണ്ടുകളാണ് . ഇതിന് ചില പ്രത്യേകതകളുണ്ട്:

നികുതി ഇളവ്: ബോണ്ട് കാലാവധിയായ 8 വര്‍ഷം വരെ കൈവശം വെച്ച് ആര്‍.ബി.ഐ വഴി പണമാക്കിയാല്‍ ലാഭത്തിന് ഒരു രൂപ പോലും നികുതി നല്‍കേണ്ടതില്ല.

പലിശ: നിക്ഷേപത്തിന് വര്‍ഷം തോറും ലഭിക്കുന്ന 2.5% പലിശയ്ക്ക് സാധാരണ പോലെ നികുതി നല്‍കണം.

നേരത്തെ വിറ്റാല്‍: 8 വര്‍ഷത്തിന് മുന്‍പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ബോണ്ട് വില്‍ക്കുകയാണെങ്കില്‍ മറ്റ് സ്വര്‍ണ്ണ നിക്ഷേപങ്ങളെപ്പോലെ (12.5%) നികുതി നല്‍കേണ്ടി വരും.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍: സ്വര്‍ണവും വെള്ളിയും വെറും ലോഹങ്ങളല്ല, മൂലധന ആസ്തികളായാണ് നികുതി വകുപ്പ് കാണുന്നത്. നേരത്തെ വില്‍ക്കുന്നത് നികുതി ഭാരം കൂട്ടും. നികുതി ഇളവ് നോക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ്. വില്‍ക്കുന്നതിന് മുന്‍പ് കലണ്ടര്‍ നോക്കി കാലയളവ് ഉറപ്പാക്കുന്നത് ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും