വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെറും ഏഴു ദിവസത്തെ സമയം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ ചെറിയ സമയത്തിനുള്ളില്‍ ഇന്ത്യക്ക് ഒരു വ്യാപാര കരാറില്‍ എത്താന്‍ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഗസ്റ്റ് 7-ന് നിലവില്‍ വരുന്ന പുതിയ താരിഫ് ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ അവതാളത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ 87 ബില്യണ്‍ ഡോളര്‍ കയറ്റുമതിക്ക് 25 ശതമാനം വരെ നികുതി ബാധകമാകും. ഇതിനു പരിഹാരം കാണാന്‍ ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഊര്‍ജിതമായി നടക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും ക്രൂഡ് ഓയിലും വാങ്ങുന്നതിന് പിഴയും ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെറും ഏഴു ദിവസത്തെ സമയം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ ചെറിയ സമയത്തിനുള്ളില്‍ ഇന്ത്യക്ക് ഒരു വ്യാപാര കരാറില്‍ എത്താന്‍ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിന് എന്ത് സംഭവിക്കും? ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്. പുതിയ താരിഫ് നടപ്പാക്കിയാല്‍ ഏകദേശം 87 ബില്യണ്‍ ഡോളര്‍ വരുന്ന കയറ്റുമതിയെ ഇത് ബാധിക്കും. സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും, പ്രത്യേകിച്ച് വജ്രം, സ്വര്‍ണ്ണ ആഭരണങ്ങള്‍ എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. അടുത്തിടെയായി ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി വര്‍ധിച്ചിരുന്നു.വര്‍ഷങ്ങളായി ഇന്ത്യയും യുഎസും തമ്മില്‍ ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. 2024-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ചരക്ക്, സേവന വ്യാപാരം 186 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

അതിനിടെ വ്യാപാര ചര്‍ച്ചകള്‍ വൈകിക്കുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് രംഗത്തെത്തി. ചര്‍ച്ചകള്‍ വൈകിക്കുന്നതില്‍ നിരാശരാണെന്നും അടുത്ത നടപടികള്‍ ഇന്ത്യയെ ആശ്രയിച്ചിരിക്കുമെന്നും ബെസ്സന്റ് പറഞ്ഞു. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധത്തെയും അദ്ദേഹം വിമര്‍ശിച്ചു. പുതിയ താരിഫ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുമെന്ന് ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.യുഎസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയുടെ പ്രതികരണം

യുഎസ് നിര്‍ദ്ദേശിച്ച 25 ശതമാനം താരിഫിന് ഉടന്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. പകരം യുഎസില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ചര്‍ച്ചകള്‍ തുടരാനാണ് ഇന്ത്യയുടെ നീക്കം. ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തവണ വ്യാപാര ചര്‍ച്ചകള്‍ നടന്നിരുന്നു. ബോര്‍ബണ്‍ വിസ്‌കി, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ താരിഫ് ഇന്ത്യ കുറച്ചിരുന്നു. എങ്കിലും ഇന്ത്യയുമായുള്ള 45 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി നികുതി ചുമത്തി കുറയ്ക്കണമെന്ന് ട്രംപ് നിര്‍ബന്ധിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ചര്‍ച്ചകള്‍ തുടരുന്നു, പ്രതീക്ഷകള്‍ ബാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഓഗസ്റ്റിലും തുടരാന്‍ സാധ്യതയുണ്ട്. ഒരു സമഗ്ര വ്യാപാര കരാറിനായി അടുത്ത മാസം യുഎസില്‍ നിന്നുള്ള ഒരു സംഘം ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഉയര്‍ന്ന 25 ശതമാനം താരിഫ് താല്‍ക്കാലികമായിരിക്കുമെന്നും ഉടന്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടം മെക്‌സിക്കോക്ക് 90 ദിവസത്തെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങള്‍ക്കും ഇത് ലഭിച്ചില്ല. തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് 'അമേരിക്ക ഫസ്റ്റ്' എന്ന വ്യാപാര നയത്തിന്റെ ഭാഗമായി കര്‍ശനമായ താരിഫ് നയം നടപ്പാക്കിയിരുന്നു. എന്നാല്‍ തന്ത്രപരവും നയതന്ത്രപരവുമായ കാരണങ്ങളാല്‍ ചില രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു.