Asianet News MalayalamAsianet News Malayalam

സ്ക്വിഡ് ഗെയിം ക്രിപ്റ്റോ പതിപ്പ് 'ആഗോള തട്ടിപ്പ്', മൂല്യം പൂജ്യം; നിക്ഷേപകരുടെ പണവുമായി പിന്നണിക്കാർ മുങ്ങി

നെറ്റ്ഫ്ലിക്സിൽ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിം ഹിറ്റായതോടെയാണ് സ്ക്വിഡ് ടോക്കൺ എന്ന പുതിയ ക്രിപ്റ്റോകറൻസിയും രംഗത്ത് വന്നത്. എന്നാൽ നിക്ഷേപകരുടെ പണവും തട്ടിയെടുത്ത് പ്രമോട്ടർമാർ മുങ്ങുന്നതാണ് കാണാനായത്

Squid Game crypto token collapses in apparent scam
Author
Delhi, First Published Nov 2, 2021, 3:08 PM IST

നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ക്രിപ്റ്റോ പതിപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതൊരു ആഗോള തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് വൻ കുതിപ്പുണ്ടാക്കിയ ക്രിപ്റ്റോ പതിപ്പിന്റെ വില പൂജ്യത്തിലേക്ക് വീണത്. എന്നാൽ സ്ക്വിഡ് ടോക്കൺ വാങ്ങിയ ആർക്കും ഇത് വിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ പണമെല്ലാം സ്ക്വിഡ് ക്രിപ്റ്റോയുടെ അണിയറക്കാർക്ക് കിട്ടി.

പ്ലേ-ടു-ഏൺ ക്രിപ്റ്റോകറൻസിയാണെന്ന് പറഞ്ഞാണ് സ്ക്വിഡ് ടോക്കണിനെ മാർക്കറ്റ് ചെയ്തിരുന്നത്. നെറ്റ്ഫ്ലിക്സ് സീരീസിനുണ്ടായ വമ്പൻ പ്രചാരണം ക്രിപ്റ്റോ പതിപ്പ് വില വർധിക്കാൻ കാരണമായി. എന്നാൽ വില വർധിച്ചപ്പോഴും ഇത് വാങ്ങിയ ആർക്കും ക്രിപ്റ്റോകറൻസി വിൽക്കാനായില്ല.

ഇത്തരം തട്ടിപ്പുകളെ റഗ് പുൾ എന്നാണ് ക്രിപ്റ്റോ നിക്ഷേപകർ വിശേഷിപ്പിക്കുന്നത്. ഒരു പ്രമോട്ടർ പുതുതായി ഒരു ടോക്കൺ അവതരിപ്പിച്ച ശേഷം നിക്ഷേപകർക്ക് ട്രേഡിങിനുള്ള അവസരം നൽകാതെ, വിൽപ്പനയിലൂടെ കിട്ടിയ മുഴുവൻ പണവുമായി മുങ്ങുന്നതിനെയാണ് ഇങ്ങിനെ വിളിക്കുന്നത്. സ്ക്വിഡ് ടോക്കൺ ഡവലപർമാർ 3.38 ദശലക്ഷം ഡോളർ കൈക്കലാക്കിയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. 

പ്ലേ-ടു-ഏൺ ക്രിപ്റ്റോകറൻസി സംവിധാനത്തിൽ ആളുകൾ ടോക്കൺ വാങ്ങിയ ശേഷം ഓൺലൈനിൽ ഗെയിം കളിക്കുകയും കൂടുതൽ ടോക്കൺ സമ്പാദിക്കുകയും ചെയ്യും. ഇതുപയോഗിച്ച് പിന്നീട് ക്രിപ്റ്റോ കറൻസികളോ ദേശീയ കറൻസികളോ വാങ്ങുന്നതായിരുന്നു പതിവ്. കഴിഞ്ഞ ചൊവ്വാഴ്ച ഒരു സെന്റായിരുന്നു ക്രിപ്റ്റോ ടോക്കണിന്റെ വില. ഇത് പിന്നീട് 2856 ഡോളറായി ഉയർന്നു. തട്ടിപ്പാണെന്ന് വ്യക്തമായതോടെ വില 99.99 ശതമാനം ഇടിഞ്ഞെന്ന് കോയിൻമാർക്കറ്റ്കാപ് വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

നെറ്റ്ഫ്ലിക്സ് സീരീസിൽ നിന്ന് പ്രചോദനം കൊണ്ട് തയ്യാറാക്കിയ പുതിയ ഓൺലൈൻ ഗെയിം കളിക്കാൻ ഈ ടോക്കൺ ഉപയോഗിക്കാമെന്നായിരുന്നു വാഗ്ദാനം. ഈ മാസം മത്സരം ആരംഭിക്കുമെന്നാണ് തുടക്കത്തിൽ പ്രമോട്ടർമാർ അറിയിച്ചത്. എന്നാൽ സാമ്പത്തിക രംഗത്തെ ക്രിപ്റ്റോ വിദഗ്ദ്ധർ തുടക്കത്തിൽ തന്നെ ഇതൊരു തട്ടിപ്പായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് കാരണമായതും, സ്ക്വിഡ് ടോക്കൺ വാങ്ങിയവർക്ക് അത് വിൽക്കാനാവുന്നില്ലെന്ന പരാതിയായിരുന്നു.

Follow Us:
Download App:
  • android
  • ios