തീരത്ത് എത്തിയ ഡീസൽ അടക്കം നോക്കിയാൽ ആറ് ദിവസത്തേക്കുള്ള ഡീസൽ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആവശ്യത്തിന് വിദേശ നാണ്യശേഖരം ഇല്ലാത്തതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത്
കൊളംബോ: ഡീസൽ വാങ്ങാൻ പണമില്ലാതെ ദുരിതത്തിലായി ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക. 40000 ടൺ ഡീസൽ കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കെ ഇതിന് കൊടുക്കാൻ 35 ദശലക്ഷം ഡോളറിന് വേണ്ടി വായ്പ ചോദിച്ചിരിക്കുകയാണ് രാജ്യത്തെ ഊർജ്ജ മന്ത്രി. നിലവിൽ വളരെ കുറച്ച് ദിവസത്തേക്കുള്ള ഡീസൽ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്.
സാധാരണ 450 ദശലക്ഷം ഡോളറാണ് ശ്രീലങ്ക ഓരോ മാസവും ഇന്ധനത്തിനായി ചെലവാക്കാറുള്ളത്. ജനുവരി അവസാനത്തോടെ ഇത് 2.36 ബില്യൺ ഡോളറായതോടെയാണ് പ്രതിസന്ധി. കൊളംബോ തീരത്ത് എത്തിയ കപ്പലിൽ നിന്ന് കാശില്ലാത്തതിനാൽ ഡീസൽ കരയിലിറക്കാൻ കഴിയാതിരിക്കുകയാണ് ലങ്കൻ ഊർജ്ജ മന്ത്രാലയം.
തീരത്ത് എത്തിയ ഡീസൽ അടക്കം നോക്കിയാൽ ആറ് ദിവസത്തേക്കുള്ള ഡീസൽ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആവശ്യത്തിന് വിദേശ നാണ്യശേഖരം ഇല്ലാത്തതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എണ്ണ വിതരണം നിയന്ത്രിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ സിലോൺ പെട്രോളിയം കോർപറേഷൻ. പെട്രോളിയം പമ്പുകൾക്ക് നേരത്തെ ലഭിച്ചിരുന്ന ഇന്ധനത്തിന്റെ പാതി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
കൊളംബോ തീരത്തുള്ള ബഹ്റി തുലിപ് എന്ന ചരക്ക് കപ്പലിൽ 42000 ടൺ ഡീസലുണ്ടെന്നാണ് വിവരം. അനുമതിക്കായി കാത്തിരിക്കുകയാണ് കപ്പൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര ബാങ്കിനോടും ധനകാര്യ മന്ത്രാലയത്തോടും ഊർജ്ജ മന്ത്രി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ ഇന്ധന വില വർധനവിനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ രാജ്യത്തെ ധനകാര്യ മന്ത്രാലയവും കേന്ദ്ര ബാങ്കും ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
വിദേശ നാണ്യ പ്രതിസന്ധി തങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചതായാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ശ്രീലങ്കയിലെ ഉപസ്ഥാപനമായ ശ്രീലങ്ക ഐഒസിയുടെ അറിയിപ്പ്. നാളെ 26 ദശലക്ഷം ഡോളർ ഐഒസിക്ക് ആവശ്യമുണ്ട്. ഇന്ധന പ്രതിസന്ധി രാജ്യത്ത് വൈദ്യുതി വിതരണവും തടസത്തിലാക്കി. ഇന്ന് രണ്ട് മണിക്കൂറാണ് പവർ കട്ട് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു മണിക്കൂറായിരുന്നു പവർ കട്ട്.
