രാജ്യത്തിന് ഉത്സവകാലത്തിന് മുന്നോടിയായി പഞ്ചസാര വിലയിൽ വർധനവ്. വിപണിയിലും ലഭ്യത കുറഞ്ഞിരിക്കുകയാണ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകളും ഡിമാർട്ട് പോലുള്ള സൂപ്പർമാർക്കറ്റുകളും പഞ്ചസാര വാങ്ങുന്നതിന് അളവിൽ നിയന്ത്രണം ഏർപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

വരാനിരിക്കുന്ന ഉത്സവകാലത്തിന് മുൻപായി സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി പഞ്ചസാര വില വർദ്ധിക്കുന്നു. വിലക്കയറ്റത്തിനൊപ്പം ആവശ്യത്തിന് പഞ്ചസാര വാങ്ങാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ക്വിക്ക്-കൊമേഴ്‌സ് ആപ്പുകളും ഓഫ്‌ലൈൻ സൂപ്പർമാർക്കറ്റുകളും ഒരു ഉപഭോക്താവിന് വാങ്ങാവുന്ന പഞ്ചസാരയുടെ അളവിൽ നിയന്ത്രണം (Purchase Limit) ഏർപ്പെടുത്തിക്കഴിഞ്ഞു.

ആപ്പുകളിലും കടകളിലും നിയന്ത്രണം

ഇന്ത്യ ടുഡേ ഡിജിറ്റൽ നടത്തിയ പരിശോധനയിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart), ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto) എന്നീ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കണ്ടെത്തി. ചില ഉൽപ്പന്നങ്ങൾക്ക് ഒരു ഓർഡറിൽ പരമാവധി 2 കിലോഗ്രാം വരെയേ വാങ്ങാൻ സാധിക്കൂ. ഓൺലൈൻ ആപ്പുകളിൽ മാത്രമല്ല, ഡിമാർട്ട് (DMart), റിലയൻസ് (Reliance) തുടങ്ങിയ വൻകിട സൂപ്പർമാർക്കറ്റുകളിലും ഒരാൾക്ക് 2 മുതൽ 3 കിലോഗ്രാം വരെ പഞ്ചസാര മാത്രമേ നൽകുന്നുള്ളൂ എന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾക്ക് മധുരപലഹാരങ്ങൾ വൻതോതിൽ തയ്യാറാക്കാനിരിക്കുന്ന കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഇത് കനത്ത തിരിച്ചടിയാണ്.

വിലക്കയറ്റത്തിന് കാരണം എന്ത്?

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത കുറഞ്ഞതും പൂഴ്ത്തിവെപ്പും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണ്. 2026 ഒക്ടോബർ 31 വരെയുള്ള താരിഫ് നിരക്കിൽ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര (Raw Sugar) തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ അസംസ്കൃത പഞ്ചസാര ശുദ്ധീകരിച്ച് (Refined Sugar) വിപണിയിൽ എത്തിക്കുന്നതിനായി നൽകിയിരുന്ന സമയപരിധിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. 'ബിൽ ഓഫ് എൻട്രി' സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തെ സാവകാശം റിഫൈനറികൾക്ക് നൽകിയിട്ടുണ്ട്.