തായ്ലന്‍ഡില്‍ ഇനി മാസങ്ങളോളം അടിച്ചുപൊളിച്ച് താമസിക്കാൻ പുതിയ വിസ പ്രോ​ഗ്രാം അവതരിപ്പിച്ച് തായ് സര്‍ക്കാര്‍. അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഡെസ്റ്റിനേഷന്‍ തായ്ലന്‍ഡ് വിസ' എന്ന പുതിയ പദ്ധതിയാണ് സ‍ർക്കാർ അവതരിപ്പിച്ചത്. 

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ തായ്‍ലൻഡില്‍ ഇനി മാസങ്ങളോളം അടിച്ചുപൊളിച്ച് താമസിക്കാന്‍ സുവര്‍ണാവസരം. വെറുമൊരു വിനോദസഞ്ചാരിയായി വന്ന് മടങ്ങുന്നതിന് പകരം അവിടെ താമസിച്ച് ജോലി ചെയ്യാനും തായ്‍ലന്‍ഡിന്റെ സംസ്‌കാരം ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി 'ഡെസ്റ്റിനേഷന്‍ തായ്‍ലൻഡ് വിസ' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് തായ് സര്‍ക്കാര്‍.

ഏകദേശം 25,000 രൂപയോളം ചെലവാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ വിസ സ്വന്തമാക്കാം. ഇതിന്റെ പ്രത്യേകതകളും നിബന്ധനകളും താഴെ പറയുന്നവയാണ്.

എന്താണ് ഡി.ടി.വി ?

തായ്ലന്‍ഡില്‍ ദീര്‍ഘകാലം താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളെ ആകര്‍ഷിക്കുന്നതിനായി കൊണ്ടുവന്ന 'മള്‍ട്ടിപ്പിള്‍ എന്‍ട്രി' വിസയാണിത്. ഇതിലൂടെ ഒരാള്‍ക്ക് അഞ്ച് വര്‍ഷം വരെ തായ്‍ലന്‍ഡില്‍ വന്നുപോകാന്‍ സാധിക്കും. ഓരോ തവണ പോകുമ്പോഴും 180 ദിവസം അവിടെ താമസിക്കാം. ആവശ്യമെങ്കില്‍ ഇത് 180 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഈ വിസ പ്രധാനമായും ലക്ഷ്യമിടുന്നത് താഴെ പറയുന്നവരെയാണ്:

  • ഡിജിറ്റല്‍ നൊമാഡുകള്‍: ലോകത്തിന്റെ ഏത് കോണിലിരുന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന ഐടി ജീവനക്കാര്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍.
  • വിദ്യാര്‍ത്ഥികള്‍/പരിശീലകര്‍: തായ് കുക്കിങ് പഠിക്കാനോ, തായ് ബോക്‌സിങ് പരിശീലിക്കാനോ ആഗ്രഹിക്കുന്നവര്‍.
  • ചികിത്സാ ആവശ്യങ്ങള്‍: വെല്‍നസ് പ്രോഗ്രാമുകള്‍ക്കും ചികിത്സകള്‍ക്കുമായി എത്തുന്നവര്‍.

ഈ വിസയില്‍ തായ്ലന്‍ഡിലെ കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. വരുന്ന വ്യക്തിയുടെ ജോലി വിദേശത്തുള്ള കമ്പനികളിലോ ക്ലയന്റുകള്‍ക്കോ വേണ്ടിയായിരിക്കണം.

സാമ്പത്തിക നിബന്ധനകള്‍

ഈ വിസ ലഭിക്കണമെങ്കില്‍ ആളുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ടെന്ന് തെളിയിക്കണം. ഇതിനായി 5,00,000 തായ് ബാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 14.65 ലക്ഷം രൂപയാണിത്.

ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇതിന് തെളിവായി നല്‍കേണ്ടത്. ക്രിപ്റ്റോ കറന്‍സിയോ ഷെയറുകളോ സാമ്പത്തിക രേഖയായി സ്വീകരിക്കില്ല.

താമസം നീട്ടണമെങ്കില്‍?

180 ദിവസത്തെ താമസം കഴിഞ്ഞും അവിടെ തുടരണമെന്നുണ്ടെങ്കില്‍ 1,900 തായ് ബാറ്റ് (ഏകദേശം 5,500 രൂപ) അധികം നല്‍കി താമസം നീട്ടിയെടുക്കാം. ചുരുക്കത്തില്‍, വര്‍ക്ക് ഫ്രം ഹോം സൗകര്യമുള്ളവര്‍ക്കും തായ്ലന്‍ഡിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് പഠിക്കാനും ചികിത്സിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും മികച്ച അവസരമാണ് ഈ പുതിയ വിസ വാഗ്ദാനം ചെയ്യുന്നത്.