എച്ച്-1ബി വിസ ഫീസ് വര്‍ധിപ്പിച്ചതില്‍ ടെക് ലോകത്ത് ആശങ്ക ശക്തമാണ്. ഈ നീക്കം അമേരിക്കന്‍ കമ്പനികളുടെ വിദേശപ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വിവര സാങ്കേതിക വിദ്യയിൽ അമേരിക്കൻ ടെക് ലോകം ഇന്ന് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരായ സാങ്കേതിക വിദഗ്ധർക്ക് വലിയ പങ്കുണ്ട്. പല പ്രമുഖരും എച്ച്-1ബി വിസയുടെ സാധ്യതകൾ ഉപയോഗിച്ച് അമേരിക്കയിൽ എത്തി വളർന്നവരാണ്. എച്ച്-1ബി വിസ എന്നത് അമേരിക്കയിലേക്ക് ജോലിക്കായി വരുന്ന വിദഗ്ധരായ ടെക് പ്രൊഫഷണലുകൾക്ക് പ്രയോജനകരമായ ഒരു മാർഗ്ഗമാണ്. എന്നാൽ, ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസിൽ വരുത്തിയ വർധന, അമേരിക്കയിൽ ഉയർന്ന ജോലികൾ സ്വപ്നം കാണുന്നവർക്ക് കനത്ത തിരിച്ചടിയാകും. 1990-ല്‍ ആരംഭിച്ച ഈ വിസ പദ്ധതി, ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ടെക് പ്രൊഫഷണലുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ എത്തിച്ചേരാനുള്ള പ്രധാന വഴിയായിരുന്നു. എന്നാല്‍, പുതിയ അപേക്ഷകര്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 87 ലക്ഷം) ഒറ്റത്തവണ ഫീസ് ഏര്‍പ്പെടുത്തിയതോടെ, ഈ സ്വപ്നം പലര്‍ക്കും ഇനി വിദൂരമായി മാറും.
ഇന്ന് ലോകത്തെ നയിക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള പല പ്രമുഖരും ഈ വിസയിലൂടെ അമേരിക്കയില്‍ എത്തിയവരാണ്. ഇങ്ങനെയുള്ള പ്രമുഖര്‍ ഏതൊക്കെയാണെന്ന് നോക്കാം.
എച്ച്-1ബി വിസയിലെത്തിയ പ്രമുഖർ
ഇലോണ്‍ മസ്‌ക്: ടെസ്ല, സ്‌പേസ്എക്‌സ്, ന്യൂറാലിങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനായ ഇദ്ദേഹം, ആദ്യം ഒരു ജെ-1 വിസയിലും പിന്നീട് എച്ച്-1ബി വിസയിലുമാണ് അമേരിക്കയിലെത്തിയത്. ഈ വിസകള്‍ തന്നേപ്പോലുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ സഹായിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സുന്ദര്‍ പിച്ചൈ: ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ കമ്പനികളുടെ സിഇഒ ആയ പിച്ചൈ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ വന്ന് പിന്നീട് എച്ച്-1ബി വിസ നേടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിളിന്റെ എഐ, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകള്‍ വലിയ വളര്‍ച്ച കൈവരിച്ചത്.
സത്യ നദെല്ല: 1990-കളുടെ തുടക്കത്തില്‍ മൈക്രോസോഫ്റ്റില്‍ ചേരാന്‍ എച്ച്-1ബി വിസ ഉപയോഗിച്ച നദെല്ല, 2014-ല്‍ സിഇഒ പദവിയിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിങ്, എഐ എന്നിവയില്‍ വലിയ കുതിച്ചുചാട്ടം നടത്തി.
അരവിന്ദ് ശ്രീനിവാസ്: പെര്‍പ്ലെക്‌സിറ്റി എഐ-യുടെ സ്ഥാപകനായ ശ്രീനിവാസ്, വിദ്യാര്‍ത്ഥി വിസയില്‍ വന്ന് എച്ച്-1ബി വിസ ഉപയോഗിച്ച് എഐ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഇന്ന് 9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം.
എറിക് യുവാന്‍: സൂം എന്ന ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ യുവാന്‍, നിരവധി തവണ വിസ നിരസിക്കപ്പെട്ടതിന് ശേഷമാണ് എച്ച്-1ബി വിസ നേടിയത്. കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൂം ഒരു അവിഭാജ്യ ഘടകമായി മാറി.
ഇവരെപ്പോലുള്ള പ്രതിഭകള്‍ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.
ഫീസ് വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍
എച്ച്-1ബി വിസ ഫീസ് വര്‍ധിപ്പിച്ചതില്‍ ടെക് ലോകത്ത് ആശങ്ക ശക്തമാണ്. ഈ നീക്കം അമേരിക്കന്‍ കമ്പനികളുടെ വിദേശപ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 70 ശതമാനത്തിലധികം എച്ച്-1ബി വിസകളും നേടുന്നത് ഇന്ത്യക്കാരാണ്. അതിനാല്‍ ഈ പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും കമ്പനികളെയുമാണ്. ഇത് അമേരിക്കയുടെ സാങ്കേതിക മേഖലയുടെ വളര്‍ച്ചയുടെ വേഗത കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും, ഈ വെല്ലുവിളികള്‍ക്കിടയിലും, അമേരിക്കയുടെ സാമ്പത്തികവും സാങ്കേതികവുമായ വളര്‍ച്ചയില്‍ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ പങ്ക് നിര്‍ണായകമായി തുടരുന്നു.


