സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കോര്‍പ്പറേറ്റ് പടികള്‍ കയറുന്നതിലല്ല, മറിച്ച് നാം ജോലി ചെയ്യാത്തപ്പോഴും നമുക്ക് വരുമാനം നല്‍കുന്ന ആസ്തികള്‍ സ്വന്തമാക്കുന്നതിലാണ്

മികച്ച ശമ്പളവര്‍ധനയും ഉയര്‍ന്ന ജോലിയുമായിരിക്കും ഓരോ യുവ പ്രൊഫഷണലും സ്വപ്നം കാണുന്നത് .എന്നാല്‍, ഇതിനപ്പുറം, സ്ഥിരമായി പണം സമ്പാദിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ മാത്രമാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്. ഈ സത്യം പലരും നേരത്തെ പറഞ്ഞുതരില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കോര്‍പ്പറേറ്റ് പടികള്‍ കയറുന്നതിലല്ല, മറിച്ച് നാം ജോലി ചെയ്യാത്തപ്പോഴും നമുക്ക് വരുമാനം നല്‍കുന്ന ആസ്തികള്‍ സ്വന്തമാക്കുന്നതിലാണ് എന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

സമ്പാദ്യം വളര്‍ത്താനുള്ള മൂന്ന് വഴികള്‍.

സമ്പത്ത് കെട്ടിപ്പടുക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മൂന്ന് പ്രധാന മേഖലകളെക്കുറിച്ചാണ് കൗശിക് പറയുന്നത്:

റിയല്‍ എസ്റ്റേര്‌റ്: റിയല്‍ എസ്റ്റേറ്റിനെ ഒരു സ്ഥിരതയുള്ള വരുമാന മാര്‍ഗമായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വാടകയ്ക്ക് ഒരിക്കലും അവധിയില്ല, എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതിന് അടിവരയിടുന്നു. ജോലി നഷ്ടപ്പെട്ടാലും, വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായാലും വാടകയില്‍ നിന്നുള്ള വരുമാനം സ്ഥിരമായി തുടരും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബിസിനസ്സുകള്‍ :സംരംഭകത്വമാണ് അടുത്ത മാര്‍ഗ്ഗമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. നിശ്ചിത ശമ്പളത്തില്‍ നിന്ന് വ്യത്യസ്തമായി, ഒരു ബിസിനസ്സ് ആരംഭിക്കുകയും പിന്നീട് അതില്‍ വീണ്ടും നിക്ഷേപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കൗശികിന്റെ നിരീക്ഷണം.

കൈയിലുള്ള പണം: സ്ഥിരമായ പണലഭ്യതയുടെ പ്രാധാന്യം കൗശിക് എടുത്തുപറയുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും, നല്ല നിക്ഷേപ അവസരങ്ങള്‍ വരുമ്പോള്‍ അത് മുതലെടുക്കാനും, കയില്‍ ആവശ്യത്തിന് പണം ഉള്ളത് സഹായിക്കും.

ജോലിയിലെ പദവികള്‍, ഡിഗ്രികള്‍ എന്നിവ കാഴ്ചയ്ക്ക് ആകര്‍ഷകമാണെങ്കിലും അവ സമ്പത്ത് സൃഷ്ടിക്കുന്നില്ലെന്ന് കൗശിക് പറയുന്നു. ഈ പരമ്പരാഗതമായ കാര്യങ്ങള്‍ ജോലിസ്ഥലത്തിന് പുറത്ത് പ്രസക്തി കുറഞ്ഞവയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.