വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഇതുസംബന്ധിച്ച് ബാങ്ക് സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് എസ്ബിഐ
നഷ്ടസാധ്യത കൂടുതലുള്ളതും എന്നാല്‍ ഭാവിയില്‍ മികച്ച സാധ്യതകളുള്ളതുമായ വ്യവസായങ്ങള്‍ക്ക് സര്‍ക്കാറിന്റെ വായ്പാ ഗ്യാരന്റി തേടി് എസ്.ബി.ഐ. പുതിയ സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിക്കുന്ന ഈ മേഖലകളില്‍ വായ്പ നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടങ്ങളില്‍നിന്ന് ബാങ്കുകള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ഗ്യാരന്റി പദ്ധതി ആവശ്യപ്പെടുന്നത്. നിലവില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത്തരം ഗ്യാരന്റി പദ്ധതികള്‍ നിലവിലുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഇതുസംബന്ധിച്ച് ബാങ്ക് സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തിവാരി അറിയിച്ചു.
ഗ്രീന്‍ ഫിനാന്‍സിന് പ്രാധാന്യം വേണം
'ഗ്രീന്‍ ഫിനാന്‍സ്' (പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കുള്ള വായ്പ) കൂടി ബാങ്കുകള്‍ നിര്‍ബന്ധമായും വായ്പ നല്‍കേണ്ട 'പ്രാഥമിക മേഖല'യില്‍ (ഉള്‍പ്പെടുത്തണമെന്നും എസ്.ബി.ഐ. ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മറ്റ് പ്രധാന മേഖലകളിലേക്കുള്ള വായ്പകളെ ഇത് ബാധിച്ചേക്കാം എന്നതിനാല്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും ഈ ആശയത്തോട് അത്ര താല്‍പര്യം കാണിച്ചിട്ടില്ലെന്നും തിവാരി പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ വന്‍ കുതിപ്പ്
പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 3 ലക്ഷം വീടുകളില്‍ സോളാര്‍ റൂഫ്ടോപ്പുകള്‍ സ്ഥാപിക്കാന്‍ എസ്.ബി.ഐ. സഹായിച്ചിട്ടുണ്ട്. ഇത് 5 ലക്ഷമായി ഉയര്‍ത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ ഇതുവരെ 70,000 കോടി രൂപയിലധികം വായ്പ നല്‍കി കഴിഞ്ഞു. നിലവില്‍ 40,000 കോടി രൂപയിലധികം വായ്പ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ബാങ്കിന് ഉണ്ട്.
മികവിന്റെ കേന്ദ്രം
ബാങ്കിങ് മേഖലയെ സഹായിക്കുന്നതിനായി എസ്.ബി.ഐ. ഒരു 'മികവിന്റെ കേന്ദ്രം' ഉടന്‍ ആരംഭിക്കും. വായ്പാ നയങ്ങള്‍ രൂപീകരിക്കുന്നതിനും, നഷ്ട സാധ്യത വിലയിരുത്തുന്നതിനും, വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിനും ഈ കേന്ദ്രം സഹായിക്കും. ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എട്ട് പ്രധാന മേഖലകളിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍, അത്യാധുനിക സോളാര്‍ സാങ്കേതികവിദ്യ, ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ, ബാറ്ററി നിര്‍മ്മാണം, ഡാറ്റാ സെന്ററുകള്‍ എന്നിവയാണ് ഈ മേഖലകള്‍.


