പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ നിരവധി സംശയങ്ങളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ഇതിനുള്ള വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി 

ദില്ലി: അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന കാർഷിക ഉത്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി വ്യക്തമാക്കി. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററില്‍ പങ്കുവെച്ചു.

Scroll to load tweet…

ഇരുപത്തിയഞ്ച് കിലോയിൽ താഴെയുള്ളതും ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ ധാന്യവര്‍ഗങ്ങള്‍ക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. അരി, മൈദ, തൈര് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണ് നികുതി ചുമത്തുക എന്നുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി വരും മുമ്പ്, ചില സംസ്ഥാനങ്ങള്‍ ഇത്തരം ഭഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്ന കാര്യവും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

അരി, ഗോതമ്പ്, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്‌, ഓട്‌സ്, ആട്ട/ മാവ്, സൂജി/റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോൾ നികുതി നൽകേണ്ട എന്നും ധനമന്ത്രി പറഞ്ഞു. 

Scroll to load tweet…


ജിഎസ്‍ടി കൗൺസിലിന്‍റെ 47 -ാം യോഗത്തിലാണ്, കാർഷിക ഉത്പന്നങ്ങൾ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായത്. ഇന്നലെ ഇത് പ്രാബല്യത്തിൽ വന്നതോടെ മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും. ജിഎസ്‍ടിയുമായി വിവിധ സംശയങ്ങൾ നില നിൽക്കെയാണ് ധനമന്ത്രി വിശദീകരണം നൽകിയത്.